Kerala
ലഭിച്ചതും;വിജയിച്ചതും വൻ ഭൂരിപക്ഷത്തിന് ;ആ ട്രെൻഡ് നില നിർത്താൻ ഭരണങ്ങാനം ഡിവിഷനിൽ ലൈസമ്മ ടീച്ചർ
പാലാ :അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് വനിതാ പ്രതിനിധിയായി ലൈസമ്മ 400 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നതായി അറിയിക്കുന്നു.അരുവിത്തുറ കോളേജ് അധികൃതരുടെ പ്രഖ്യാപനം മൈക്കിലൂടെ ഒഴുകിയെത്തിയപ്പോൾ കൂട്ടം കൂടി നിന്ന വിദ്യാർഥികൾ ആവേശ പൂർവം മുദ്രാവാക്യം മുഴക്കി .
അരുവിത്തുറയുടെ അഭിമാനം …
സെന്റ് ജോർജിന്റെ അഭിമാനം …
ലൈസമ്മ തോമസ് സിന്ദാബാദ് …
കല്ലോലിക്കലെ ലൈസമ്മേ
ധീരതയോടെ നയിച്ചോളൂ
കഥ നടന്നത് 1983-84 ലാണ് .അന്നൊക്കെ ഭൂരിപക്ഷം നാമ മാത്രമാവുമ്പോൾ ലൈസമ്മ തോമസ് കല്ലോലിക്കലിന് ലഭിച്ചത് മൃഗീയ ഭൂരിപക്ഷമായ നാനൂറ് വോട്ടാണ്.അന്ന് കോളേജ് കാമ്പസിലെ ഇഷ്ട്ട ഗാനമായ നീലക്കണ്ണുകൾ എന്ന ചിത്രത്തിലെ പി ജയചന്ദ്രൻ പാടിയ ഓ എൻ വി എഴുതി ,ജി ദേവരാജൻ ഈണം പകർന്ന കല്ലോലിനി എന്ന ഗാനം കല്ലോലിക്കലെ ലൈസാമ്മയ്‍ക്കു വേണ്ടി വിദ്യാർഥികൾ വീണ്ടും വീണ്ടും പാടി .
കല്ലോലിനി വന കല്ലോലിനി ;
നിൻ തീരത്ത് വിടരും ,
ദുഃഖ പുഷ്പങ്ങളെ ;
താരാട്ടു പാടി ഉറക്കൂ…
അന്ന് ലൈസമ്മയുടെ ആദ്യ മത്സരമായിരുന്നു;അന്ന് മൃഗീയ ഭൂരിപക്ഷത്തിൽ വിജയിച്ചതിനു ശേഷം ഇന്ന് വരെ ലൈസമ്മ മത്സര രംഗത്തുണ്ടായിരുന്നില്ല .41 വർഷങ്ങൾക്ക് ശേഷം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ യു ഡി എഫ് ബാനറിൽ മത്സരിക്കാനുള്ള നിയോഗം കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ഭർത്താവായ ജോർജ് പുളിങ്കാടിനെ അറിയിക്കുമ്പോൾ ഇത് അൽഫോൻസാമ്മയുടെ അനുഗ്രഹം എന്നെ ലൈസമ്മ ടീച്ചറിനും ഭർത്താവ് ജോർജ് പുളിങ്കാടിനും പറയാനുള്ളൂ.
കരൂർ പഞ്ചായത്തിലെ കുടക്കച്ചിറ പള്ളിയിലെ മിക്ക പരിപാടികൾക്കും മുൻപിൽ തന്നെയുണ്ടാവും ഈ ദമ്പതികൾ.ഭർത്താവ് ജോർജ് പുളിങ്കാടിനെ പോലെ ഭാര്യ ലൈസമ്മ ടീച്ചറിനുമുണ്ട് സാഹിത്യ വാസന .1981-82 ൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ സ്കൂൾ ലീഡറും . സ്കൂളിലെ കലാതിലകവുമായിരുന്നു.കുടുംബ പ്രാരാബ്ധങ്ങൾക്കിടയിൽ സാഹിത്യ വാസന അങ്ങ് പൂവിട്ടില്ലെന്നു മാത്രം .
കടന്നു പോന്ന വഴികളിൽ ലഭിച്ച സ്ഥാനങ്ങളിലൊക്കെ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് ഈ കുടക്കച്ചിറ ഹൈസ്കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസ്. ഇംഗ്ലീഷ് സാഹിത്യത്തിലും, സോഷ്യോളജിയിലും ബിരുദാനന്തര ബിരുദം(MA). പാലാ സെൻ്റ് മേരീസ്, സെൻ്റ് തോമസ് എന്നീ സ്കൂളുകളിൽ ദീർഘകാലം അധ്യാപിക. AKCC പാലാ രൂപതയുടെ വനിതാ കോർഡിനേറ്റർ, മാതൃവേദി പാലാ ഫൊറോനാ വൈസ് പ്രസിഡൻ്റ്. , KCSL , DCL , മിഷൻലീഗ് സംഘടനകളുടെ സജീവ പ്രവർത്തക. നല്ലൊരു വാഗ്മിയും കലാകാരിയുമാന് ലൈസമ്മ ടീച്ചർ.
പഴയ കാല സഹ പ്രവർത്തകരുമായുള്ള ബന്ധം ഇന്നും നില നിർത്തുന്നുള്ളതിനാൽ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു മുൻപേ സഹ പ്രവർത്തകരുടെ അനുമോദനങ്ങളും സഹായ വാഗ്ദാനവും വന്നു കൊണ്ടിരുന്നു . നല്ലൊരു വാഗ്മിയും ;സംഘടനാ പ്രവർത്തകനുമായ ഭർത്താവ് ജോർജ് പുളിങ്കാടിന്റെ വിപുലമായ വ്യക്തി ബന്ധങ്ങളും തനിക്കനുകൂലമാവുമെന്ന വിശ്വാസത്തിലാണ് ലൈസമ്മ ടീച്ചർ ;ഇന്ന് പൈക ഭാഗങ്ങളിലാണ് വോട്ട് അഭ്യർത്ഥിച്ചു ചെന്നത് .അവിടെയെല്ലാം ഹൃദ്യമായ സ്വീകരണവും ലഭിച്ചു .
പൈകയിലിത് കളിയെങ്കിൽ പാലായിലെന്തായിരിക്കും കളി എന്ന് പണ്ട് ഹൈ റേഞ്ചിൽ നിന്നും നാട് കാണാൻ വന്ന അന്നമ്മ ചേടത്തി പറഞ്ഞപോലെ ;പൈകയിലെ ഹൃദ്യമായ സ്വീകരണത്തിന്റെ ആത്മ വിശ്വാസവുമായി ലൈസമ്മ ടീച്ചർ കുതിക്കുകയാണ് ഭരണങ്ങാനം ഡിവിഷന്റെ ഹൃദയ ഭൂമിയായ ഭരണങ്ങാനത്തേക്ക്.തുടർന്ന് കടനാട് ;മീനച്ചിൽ ,കരൂർ എന്ന കർഷക മേഖലകളിലേക്കും..
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ