Kottayam
കലോത്സവവേദിയിൽ ലഹരിക്കെതിരെ വിരലടയാളവുമായി സെൻ്റ് തോമസ് HSS ലെ വിമുക്തി ക്ലബ്ബ്
പാലാ: പാലാ ഉപജില്ല സ്കൂൾ കലോത്സവ വേദിയിൽ ലഹരിക്കെതിരെ വിരലടയാളം എന്ന പരിപാടി ഒരുക്കിക്കൊണ്ട് സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ് ശ്രദ്ധയാകർഷിച്ചു. കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാംപെയ്ൻ്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ക്യാൻവാസിലാണ് വിരലടയാളം പതിപ്പിക്കുന്നത്.
മത്സരത്തിനായി സ്കൂളിലെത്തിച്ചേർന്ന വിദ്യാർത്ഥികൾ, അവരുടെ രക്ഷിതാക്കൾ, അദ്ധ്യാപകർ, കലോത്സവവുമായി ബന്ധപ്പെട്ട ഒഫീഷ്യൽസ് തുടങ്ങിയവർ ഇതിനോടകം തന്നെ നിങ്ങളുടെ വിരലടയാളം പതിപ്പിച്ചുകൊണ്ട് ലഹരി വിമുക്ത ക്യാംപെയിന്റെ ഭാഗമായി. മനുഷ്യൻ്റെ ശ്വാസകോശത്തിന്റെ രൂപത്തിലാണ് ക്യാൻവാസ് തയ്യാറാക്കിയിരിക്കുന്നത്. ലഹരി വിരുദ്ധ സന്ദേശം പകരുന്ന നിരവധി പോസ്റ്ററുകൾ ക്യാൻവാസിന് അടുത്തായി ക്രമീകരിച്ചിട്ടുണ്ട്.
ലഹരിക്കെതിരെ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ രചനയും സംവിധാനവും നിർവഹിച്ച് തയ്യാറാക്കിയ ഹ്രസ്വചിത്രം “Contrition” കണ്ട് ആസ്വദിക്കുന്നതിനായി ചിത്രത്തിൻ്റെ ക്യൂആർ കോഡും പ്രദർശന വിധേയമാക്കിയിട്ടുണ്ട്.