Kerala

അഷ്ടപുണ്യ തീർത്ഥയാത്ര ദുരിത പൂർണമായി, റെയിൽവേ 73,500/- രൂപ നഷ്ടപരിഹാരം നൽകണം

Posted on

 

കൊച്ചി : അഷ്ടപുണ്യ തീർത്ഥ യാത്രയിൽ തീർത്ഥാടകന് നേരിട്ട് കഷ്ടനഷ്ടങ്ങൾക്കും അസൗകര്യങ്ങൾക്കും റെയിൽവേ 73,500/- രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃതർക്ക പരിഹാര കോടതി.

എറണാകുളം മരട് സ്വദേശി കെ.ബി സുരേഷ് ബാബു, സതേൺ റെയിൽവേ, ഐആർസിടിസി എന്നിവർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

2022 ഡിസംബർ മാസം കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട് പുരി,വാരണാസി, ഗയ, കോണാർക്ക് തുടങ്ങിയ എട്ട്തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് പതിനൊന്ന് ദിവസം കൊണ്ട് മടങ്ങിവരുമെന്ന് പരസ്യം ചെയ്ത് തീർത്ഥാടകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ യാത്രയിൽ ആദ്യാവസാനം നേരിട്ട കഷ്ടനഷ്ടങ്ങൾ ചൂണ്ടിക്കാണിച്ചാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

11 ദിവസത്തെ യാത്ര 20,500/- രൂപക്ക് വാഗ്ദാനം ചെയ്ത ശേഷം ഒൻപത് ദിവസത്തെ യാത്രയാക്കി ചുരുക്കി.
​2022 ഡിസംബർ പത്തിന് രാവിലെ കൊച്ചുവേളിയിൽ നിന്ന് ആരംഭിക്കേണ്ടിയിരുന്ന യാത്ര, റെയിൽവേയുടെ ഓപ്പറേഷനൽ പ്രശ്‌നങ്ങൾ കാരണം എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് ശേഷമായി പുനഃക്രമീകരിച്ചിരുന്നു. എന്നാൽ, ചെന്നൈയിൽ ഉണ്ടായ ചുഴലിക്കാറ്റ് കാരണം ട്രെയിൻ യാത്ര ഒരു ദിവസത്തിലധികം വൈകിയാണ് പുറപ്പെട്ടത്.

​ട്രെയിൻ പുറപ്പെടുന്ന സമയം മാറ്റിയതിനെക്കുറിച്ച് യാത്രക്കാരെ യഥാസമയം അറിയിക്കുന്നതിൽ ഐ.ആർ.സി.ടി.സി.ക്ക് വീഴ്ച പറ്റി. സമയമാറ്റം സംബന്ധിച്ച് യാത്രക്കാർക്ക് മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നു എന്ന് തെളിയിക്കാൻ എതിർകക്ഷികൾ യാതൊരു രേഖയും ഹാജരാക്കിയില്ല.
​ട്രെയിൻ വൈകിയെത്തിയപ്പോൾ യാത്രക്കാർ തിരക്കിട്ട് കയറിയതിനാൽ ട്രെയിൻ ശരിയായ രീതിയിൽ വൃത്തിയാക്കാൻ സമയം ലഭിച്ചില്ല എന്നും എതിർകക്ഷികൾ തന്നെ സമ്മതിച്ചു. ഇത് ശുചിത്വമില്ലായ്മയെക്കുറിച്ചുള്ള പരാതി ശരിവയ്ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
കൂടാതെ,

എത്തിച്ചേരുന്ന സ്ഥലങ്ങളിൽ സൗകര്യപ്രദമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായും, യാത്രക്കാർക്ക് രണ്ട് മണിക്കൂറോളം ബസ്സിനുള്ളിൽ കഴിയേണ്ടി വന്നതായുംഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

പരാതിക്കാരനിൽ നിന്നും തീർത്ഥയാത്രയ്ക്കായി ഈടാക്കിയ 20,500/- രൂപ റെയിൽവെ തിരികെ നൽകണം.
കൂടാതെ, പരാതിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ട്കൾക്കും മറ്റ് കഷ്ടനഷ്ടങ്ങൾക്കും പരിഹാരമായി 50,000/- രൂപയും, കോടതി ചെലവിനത്തിൽ 3000/- രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version