Kerala

ഝാൻസി റാണിയെ നേരിടാൻ ഉണ്ണിയാർച്ചയെ കളത്തിലിറക്കി:കുരിശുപള്ളി വാർഡിൽ കുരിശു യുദ്ധത്തിന് മങ്കമാർ രംഗത്ത്

Posted on

പാലായങ്കം :15 _കുരിശുപള്ളി വാർഡിൽ മങ്കമാർ തമ്മിൽ കുരിശു യുദ്ധം വരുന്നു .എൽ ഡി എഫിലെ ഝാൻസി റാണിയെ നേരിടാൻ ഉണ്ണിയാർച്ചയെ തന്നെയാണ് യു ഡി എഫ് കളത്തിലിറങ്ങിയിരിക്കുന്നത്.എൽ ഡി എഫിലെ കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥി ബിജി ജോജോയെ നേരിടാൻ യുഡിഎഫിലെ ജോസഫ് വിഭാഗം കണ്ടെത്തിയിരിക്കുന്നത് ടെൽമ ആന്റോ പുഴക്കരയെയാണ്.

ടെൽമ യെ സംബന്ധിച്ചിടത്തോളം ടെല്ലിന് ഒരു കുറവുമില്ല ;ടെല്ലി  തന്നെയാണ് ജീവിതം.അതായത്  അധ്യാപികയാണ് .ബിജി ജോജോയും അധ്യാപികയാണ് ,രണ്ടു അധ്യാപികമാർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഫലമെന്ത് എന്നതിനെ കുറിച്ച് രണ്ടു കൂട്ടർക്കും ആധിയുണ്ട്.ആധി വ്യാധിയായി പടർന്നപ്പോൾ രണ്ടു പേർക്കും ഇരിപ്പുറച്ചില്ല .വീട് കയറ്റം തുടങ്ങി കഴിഞ്ഞു.രണ്ടു പേരോടും എങ്ങോട്ടാ എന്ന് ചോദിച്ചാൽ ഓ …എന്നാ പറയാനാ ഒരാളെ കാണാൻ പോവുകാ എന്നായിരിക്കും മറുപടി.

ഒരു പിടി കൂടെ കടന്ന് ടെൽമ ടെല്ലുന്നത് സ്‌കൂളിന്റെ ഒരു കാര്യത്തിനിറങ്ങിയതാ എന്നാണ്.വീട്ടുകാരോട് ലോഹ്യം കൂടാനും ,ഹിപ്നോടൈസ് കാരെ പോലെ നോക്കി പേടിപ്പിക്കാനും ഒന്നും ആരും പഠിപ്പിക്കേണ്ട  .തന്ത്രങ്ങൾ വേണ്ടവർക്ക് വേണേൽ പഠിപ്പിച്ചും തരും. രാഷ്ട്രീയ അഭ്യാസങ്ങൾ ഇപ്പോഴേ തുടങ്ങി പുഴയിൽ നിന്നും കരയിലേക്ക് നീന്തുന്ന പുഴക്കര ടെൽമ.ഇതിൽ ബിജി ജോജോ വിജയിച്ചാൽ എൽ ഡി എഫിന് ഭൂരിപക്ഷം ലഭിച്ചാൽ ചെയർപേഴ്‌സണാണ്.ഇതിനു മുൻപും ചെയർപേഴ്‌സൺ സ്ഥാനത്ത് ഇരുന്നു കഴിവ് തെളിയിച്ചിട്ടുള്ള ബിജി ക്ക് ഇത് ജീവന്മരണ പോരാട്ടമാണ് .ടെൽമ പൊതു പ്രവർത്തനത്തിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട് .ഇനി യു  ഡി എഫിന് ഭൂരിപക്ഷം ലഭിച്ചാൽ ചെയർപേഴ്‌സൺ ആകാമോ എന്ന് ചോദിച്ചാൽ വേണ്ടാ എന്നൊന്നും ടെൽമ പറയില്ല .

അധ്യാപന രംഗത്ത് രണ്ടു പേരും കഴിവ് തെളിയിച്ചിട്ടുണ്ട് .കഴിഞ്ഞ പ്രാവശ്യം ജനറൽ വാർഡിൽ നിന്നും യു  ഡി എഫിലെ ജോഷി വട്ടക്കുന്നേലിനെ തോൽപ്പിച്ചാണ് ബിജി വിജയിച്ചത്.അന്ന് തെരെഞ്ഞെടുപ്പ് മൂർദ്ധന്യത്തിൽ ജോഷി വട്ടക്കുന്നേലിന്‌ കൊറോണയും ബാധിച്ചു .ആ തത്തീരിലാ കൊണം കൂടിയത് എന്ന് പറഞ്ഞ പോലെ ആ ഗ്യാപ്പിൽ ബിജി വിജയിച്ചു പോന്നു .എന്നാൽ ഇത്തവണ കരിമല കയറ്റം കഠിനം പൊന്നയ്യപ്പാ എന്ന് പറഞ്ഞപോലെയാണ് കാര്യങ്ങൾ  .കൂഴ  ചക്കപ്പഴത്തിന്റെ കുരു ഊഴിക്കുന്ന ലാഘവത്വത്തോടെ ജയിക്കാമെന്ന മോഹത്തിന് ടെൽമ വന്നതോടെ മാറ്റമായി കാരണം കെ എം മാണിയെ ദൈവത്തെ പോലെ കാണുന്നവരായിരുന്നു പുഴക്കരക്കാർ.അപ്പോൾ അവിടെ നിന്നും രണ്ടിലയ്‌ക്കെതിരേ മത്സരിക്കുമ്പോൾ രണ്ടും കല്പിച്ചുള്ള പോരാട്ടം നടത്താൻ തന്നെയാണ് പുഴക്കരക്കാർ നിരൂപിച്ചിരിക്കുന്നത്.വോട്ട് നെടുകെ പിളരുമെന്ന് ഉറപ്പായി കഴിഞ്ഞു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version