Kottayam
ചേർപ്പുങ്കൽ ജലോത്സവം: ആവേശമായി ആറ്റുതീരങ്ങൾ
പാലാ: ചേർപ്പുങ്കൽ:ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചേർപ്പുങ്കൽ ജലോത്സവം ജനപങ്കാളിത്തം കൊണ്ട് നാടിന് ആവേശമായി മാറി. രാവിലെ മുതൽ അന്തിമയങ്ങും വരെ നടന്ന വിവിധ പരിപാടികൾ അക്ഷരാർത്ഥത്തിൽ ആറ്റു തീരത്തെ ഉത്സവ പറമ്പാക്കി മാറ്റി. രാവിലെ 9 ന് തുടങ്ങിയ നദിയിലെയും തീരങ്ങളിലെയും മാലിന്യനിർമാർജന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാലാ DYSP കെ.സദൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഇഎം ബിനു അധ്യക്ഷത വഹിച്ചു. മാർസ്ലീവാ ഫോറാനാ വികാരി ഫാ.മാത്യു തെക്കേൽ സന്ദേശം നൽകി. കേണൽ മാമ്മൻ മത്തായി നദീ സംരക്ഷണ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. നദിയിലും വൃക്ഷങ്ങളിലും നിറഞ്ഞു തൂങ്ങിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ബോട്ടുകളിൽ പോയി ലൈഫ് ജാക്കറ്റ് കൾ ധരിച്ച് അതിസാഹസികമായാണ് സന്നദ്ധ പ്രവർത്തകർ ശേഖരിച്ചത്.
ഉച്ചയ്ക്ക് ശേഷം നടന്ന ജലകായിക മത്സരങ്ങളും ജലവിനോദങ്ങളും മോൻസ് ജോസഫ് എം എൽ.എ ഉദ്ഘാടനം ചെയ്തു. ചേർപ്പുങ്കൽ പ്രദേശത്തിൻ്റെ ചരിത്ര പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് ടൂറിസം സാധ്യതകളുള്ള ബൈയോ ഡൈവേഴ്സിറ്റി പാർക്ക്, വിനോദ വേദികൾക്കുള്ള സൗകര്യങ്ങൾ തുടങ്ങിയ ഈ പ്രദേശത്ത് ഒരുക്കുന്നതിനുവേണ്ട സാധ്യതകൾ പരിഗണിച്ചുള്ള നടപടികൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ചേർപ്പുങ്കൽ റസിഡൻ്റ് സ് അസോസിയേഷൻ പ്രസിഡൻ്റ് മാത്യു എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സെൻ്റ് തോമസ് കോളേജ് അക്വാറ്റിക് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ എബി വാണിയിടത്തിൻ്റെയും കോച്ച് കെ.റ്റി മാത്യുവിൻ്റെയും മേൽനോട്ടത്തിൽ നദീ മധ്യത്തിൽ വിവിധ ടീമുകൾ പങ്കെടുത്ത പുതുമയാർന്ന വള്ളം വലി മത്സരം ആവേശമായി. സെൻ്റ് തോമസ് കോളജിലെ നീന്തൽ താരങ്ങളുടെ പ്രദർശന നീന്തൽ മത്സരങ്ങളും ഉണ്ടായിരുന്നു. വല വീശൽ ,ചൂണ്ടയിടീൽ മത്സരാർത്ഥികളുടെ പുറകിൽ പ്രോത്സാഹനങ്ങളുമായി ജനങ്ങൾ തിങ്ങിക്കൂടി. ബിനു പെരുമന,മനോജ് പാലാക്കാരൻ എന്നിവരുടെ മേൽനോട്ടത്തിൽ എത്തിച്ച കുട്ടവഞ്ചികളിലും കനോയികളിലും കയറി മുതിർന്നവരും കുട്ടികളും നദിയുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു.
വൈകിട്ട് 5 മണിക്ക് സമാപന സമ്മേളനം ജില്ലാ ജഡ്ജ് ജോഷി ജോൺ ഉദ്ഘാടനം ചെയ്തു. മീനച്ചിലാർ പുനർജനി കർമ്മ സമിതി പ്രസിഡൻ്റ് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. സെൻ്റ് തോമസ് കോളജ് ബർസാർ ഫാ മാത്യു ആലപ്പാട്ടു മേടയിൽ സമ്മാനദാനം നിർവ്വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ഫിലിപ്പ് തോമസ് മഠത്തിൽ, കോർഡിനേറ്റർ മാത്യു എം കുര്യാക്കോസ് , ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊഫ. മേഴ്സി ജോൺ, ജോയിൻ്റ് കൺവീനർമാരായ മാർട്ടിൻ കോലടി, സതീഷ് പൈങ്ങനാമഠത്തിൽ, പഞ്ചായത്ത് മെമ്പർ
മിനിജറോം, സെബി പറമുണ്ട, ശ്രീജിത്ത് പാലാ ,കെ.ജെ ജോയി കോയിക്കൽ, ഔസേപ്പച്ചൻ കളത്തൂർ, വി.എം അബ്ദുള്ളാഖാൻ, ജയിംസ് കല്ലെൻ്റെ കുന്നേൽ, ഡോ. സൈമൺ കുര്യാക്കോസ്, ധീരജ് കട്ടക്കയം , ബെന്നി സിയോൻ എന്നിവർ പ്രസംഗിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച ഹരിത കർമ്മ സേനാംഗങ്ങളായ ബീനാ റോയി, ഉഷാ വിനോദ്, നദീതീരത്ത് ബൈയോ ഡൈവേഴ്സിറ്റി പാർക്ക് പ്രോജക്ട് ശാസ്തീയ മായി തയ്യാറാക്കിയ മാർട്ടിൻ എസ് കോയിക്കൽ, മികച്ച സാമൂഹ്യ പ്രവർത്തക അർച്ചന വിമൻസ് സെൻ്റർ ഡയറക്ടർ സിസ്റ്റർ ത്രേസ്യാമ്മ മാത്യു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മീനച്ചിലാർ പുനർജനി കർമ്മ സമിതിയുടെ നേതൃത്വത്തിൽ റസിഡൻ്റ്സ് അസോസിയേഷൻ ചേർപ്പുങ്കൽ, പാലാ സെൻ്റ് തോമസ് കോളജ്, ചേർപ്പുങ്കൽ എ.കെ.സി.സി, കിടങ്ങൂർ ഗ്രാമ പഞ്ചായത്ത്, ചേർപ്പുങ്കൽ പബ്ലിക് ലൈബ്രറി,മീനച്ചിൽ നദീസംരക്ഷണ സമിതി, ചേർപ്പുങ്കൽ ഹോളി ക്രോസ് ഹയർ സെക്കൻഡ്രി സ്കൂൾ NSS, അർച്ചന വിമൻസ് സെൻ്റർ, തുടങ്ങിയ സംഘടനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയായിരുന്നു സംഘാടനം. കേരളഫയർ ആൻഡ് റെസ്ക്യൂ ടീമിൻ്റെയും , മാർസ്ലീവാ മെഡിസിറ്റിയുടെയും, നഴ്സ് ഷീലാറാണിയുടെ നേതൃത്വത്തിൽ കൂടലൂർ PHC യുടെയും മുഴുവൻ സമയ സേവനവും സജ്ജമാക്കി എല്ലാ സുരക്ഷിത മുൻകരുതലുകളും സ്വീകരിച്ചായിരുന്നു പരിപാടികൾ.