Kottayam
വയറു വേദന കലശലായ രോഗി മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും ചാടി മരിച്ചു
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിൻ്റെ മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്‌തു . എരുമേലി മൂക്കൻപെട്ടി കാലായിപ്പറമ്പിൽ മോഹനൻ മകൻ സുമേഷ് കുമാർ (27) ആണ് ആത്മഹത്യ ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം നാലരയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ ജനറൽ സർജറി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് ചാടിയത്. മഞ്ഞപിത്തം ബാധിച്ചതിനെ തുടർന്ന് ഉണ്ടായ ഗുരുതരമായ ഉദര രോഗംമൂലം കഠിനമായ വയറുവേദനയെ തുടർന്നാണ് സുമേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വയറുവേദന സഹിക്കാൻ വയ്യാതായതോടെ നാലാം നിലയിൽ ഡോക്ടർമാർ ഇരിക്കുന്ന മുറികളുടെ ഇടനാഴിയിലൂടെ എത്തി ജനൽ വഴി താഴേയ്ക്കു ചാടുകയായിരുന്നു. താഴെ വീണ ഉടൻ തന്നെ സുരക്ഷാ ജീവനക്കാരും ബന്ധുക്കളും ചേർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി.