Kottayam
പാർലമെന്റിനു മുൻപിൽ പ്രഥമസ്ഥാനം നൽകി സ്ഥാപിക്കേണ്ട പ്രതിമ യഥാർത്ഥത്തിൽ പാറേമാക്കൽ ഗോവർണദോറുടേതാണെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്
കോട്ടയം/ കടനാട്: പാർലമെന്റിനു മുൻപിൽ പ്രഥമസ്ഥാനം നൽകി സ്ഥാപിക്കേണ്ട പ്രതിമ യഥാർത്ഥത്തിൽ പാറേമാക്കൽ ഗോവർണദോറുടേതാണെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് .ഗാന്ധിജിക്കും പട്ടേലിനും എത്രയോ വർഷങ്ങൾക്കു മുൻപ് തന്നെ വൈദേശികാധിപത്യത്തിനെതിരെയും രാജ്യത്തിൻറെ സംസ്കാരത്തെക്കുറിച്ചും പ്രബോധനം നടത്തിയ മഹദ് വ്യക്തിയാണ് അദ്ദേഹമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
പാലാ കടനാട്ടിൽ മാർത്തോമാ നസ്രാണി സമുദായത്തിന്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം പോരാടിയ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-ാം ജന്മവാർഷിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്താണ് രാജ്യസ്നേഹമെന്നും ഇന്ത്യയുടെ സംസ്കൃതിയെന്നും ഇവിടത്തെ ആത്മീയതയെന്തെന്നും കൂടുതൽ മനസ്സിലാക്കാൻ രാജ്യം തന്നെ പാറേമാക്കൽ ഗോവർണ്ണദോറുടെ ജീവിതത്തെ കണ്ടെത്തേണ്ടതുണ്ട്.
ഇപ്പോൾ വിവിധ സഭകളായി നിൽക്കുന്ന ക്രൈസ്തവ കൂട്ടായ്മകൾക്ക് പെട്ടെന്ന് ഒന്നായി മാറുക എളുപ്പമല്ലെങ്കിലും ഒരൊറ്റ ശ്ലീഹായുടെ പിന്തുടർച്ചയാണ് ഏവരുമെന്ന് മറക്കരുത്.എല്ലാ സഭകൾക്കും പൊതു പൈതൃകമാണ് ഉള്ളതെന്നും ഈ പൊതു പൈതൃകത്തിന്റെ ഭാഗമാണ് പാറേമാക്കൽ ഗോവർണദോറും കരിയാറ്റിൽ യൗസേപ്പ് മൽപ്പാനുമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ഓർമ്മപ്പെടുത്തി.
വൈദേശികാധിപത്യത്തിനെതിരെയുള്ള ഒരു ജനതയുടെ വിലാപമാണ് വർത്തമാന പുസ്തകത്തിൻറെ ഉള്ളടക്കമെന്നും ഒരു ശ്ലൈഹികസഭയുടെ നഷ്ടപ്പെട്ടുപോയ പൈതൃകത്തെയോർത്തുള്ള ഒരു പൊട്ടിക്കരച്ചിലാണ് അതെന്നും മാർ കല്ലറങ്ങാട്ട് അനുസ്മരിച്ചു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് ചെയർമാൻ അലക്സിയോസ് മാർ യൗസേബിയൂസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
പാറേമാക്കൽ മാർ തോമാ കത്തനാരുടെ ജന്മസ്ഥലമായ കടനാട്ടിൽ ഇന്ന് (സെപ്റ്റംബർ പത്താം തീയതി)
നാലു മണിക്ക് ദിവ്യബലിക്ക് ശേഷമാണ് പൊതുസമ്മേളനം നടന്നത്. പാലാ രൂപത വികാരി ജനറൽ മോൺ. ജോസഫ് മലേപറമ്പിൽ, കടനാട് ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് പാനാംപുഴ, രാമപുരം ഫൊറോനാ പള്ളി വികാരി ഫാ. ബർക്കുമാന്‍സ് കുന്നുംപുറം, ടോമി കല്ലാനി, ഷെവ. ഉമ്മച്ചൻ വേങ്കടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.