Kerala

കേരളാ പൊലീസ് തന്തയില്ലായ്മയാണ് കാണിക്കുന്നത് സുജിത്തിനെ മര്‍ദിച്ച നാലു പൊലീസുകാരെയും സേനയില്‍ നിന്ന് പുറത്താക്കണമെന്ന്  അബിന്‍ വര്‍ക്കി

Posted on

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത് ക്രൂരമര്‍ദനത്തിന് ഇരയായ സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. കുന്നംകുളത്തെ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഭയാനകമാണെന്നും കേരളം ഇതുവരെ കാണാത്ത ദൃശ്യങ്ങളാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

റീല്‍സ് എടുത്ത് സമൂഹമാധ്യമങ്ങളില്‍ നന്മമരങ്ങളായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനുളളില്‍ നീചന്മാരായി പെരുമാറുകയാണെന്നും തോന്ന്യാസത്തിന്റെ അങ്ങേയറ്റമാണ് പൊലീസുകാര്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളാ പൊലീസ് തന്തയില്ലായ്മയാണ് കാണിക്കുന്നതെന്നും സുജിത്തിനെ മര്‍ദിച്ച നാലു പൊലീസുകാരെയും സേനയില്‍ നിന്ന് പുറത്താക്കണമെന്നും അബിന്‍ വര്‍ക്കി ആവശ്യപ്പെട്ടു.

‘കൂട്ടുകാരുമായി ഒന്നിച്ചിരുന്ന് മദ്യപിച്ചു എന്ന് പറഞ്ഞാണ് പൊലീസ് കൊണ്ടുപോയത്. സ്‌റ്റേഷന് അകത്തുവെച്ച് എസ് ഐ, സിപിഒമാര്‍ ഉള്‍പ്പെടെ ക്രൂരമായി മര്‍ദനം അഴിച്ചുവിട്ടു. പൊലീസ് ക്രൂരമായ അതിക്രമം അഴിച്ചുവിട്ട സമയം വേറെയില്ല. വൈദ്യ പരിശോധനയില്‍ മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമായി. രണ്ട് വര്‍ഷമായി എഫ് ഐ ആറില്‍ ഇതുവരെ ഒരു ചാര്‍ജ് ഷീറ്റ് പോലും സമര്‍പ്പിക്കാന്‍ പൊലീസിനായില്ല. മനപ്പൂര്‍വ്വമായ കളളക്കേസാണിത്.സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ തരാന്‍ മടിച്ചു’- അബിന്‍ വര്‍ക്കി പറഞ്ഞു. സുജിത്തിന് ഭാഗികമായ നീതി മാത്രമാണ് കിട്ടിയിട്ടുളളതെന്നും മണ്ഡലം തലം മുതല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version