Kerala
പാലായുടെ വീഥികളിൽ ഇരുവർണ്ണ നദിയൊഴുകി :യൂത്ത് ഫ്രണ്ടിന്റെ മഹാറാലി ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനമോ ..?
കോട്ടയം :യൂത്ത് ഫ്രണ്ട് എം പാലായിൽ നടത്തിയ മഹാറാലിയും പൊതു സമ്മേളനവും വെറും സമ്മേളനമാകാൻ വഴിയില്ലെന്ന് കോട്ടയം മീഡിയാ ജോസ് കെ മാണിയുടെ പ്രസംഗം നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ വാർത്തയാക്കിയിരുന്നു.തുടർന്ന് മാധ്യമ ലോകവും അതെ നിരീക്ഷണമാണ് നടത്തിയത്.മഹാറാലിയുടെ വരവ് അറിയിച്ചു കൊണ്ടുള്ള പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സുനിൽ പയ്യപ്പള്ളി ഊന്നി ഒരുകാര്യം പറഞ്ഞു .കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പാർട്ടി ഏതെന്ന് ഈ സമ്മേളനത്തോടെ വെളിവാകും .
സിപിഐ(എം) ;കോൺഗ്രസ് ;ബിജെപി ;സിപി ഐ തുടങ്ങിയ കക്ഷികളെക്കാളും വലിയ പാർട്ടിയാണ് തങ്ങളെന്ന് ഭംഗ്യന്തരേണ പറഞ്ഞു വച്ചത് ചില മുൻകരുതൽ കൊണ്ട് തന്നെയായിരുന്നു .ഒന്നും കാണാതെ നമ്പൂതിരി കുളത്തിൽ ചാടില്ലെന്നു പറഞ്ഞ പോലെ യുവജന വിഭാഗം പറഞ്ഞതിന്റെ അനുരണനങ്ങളാണ് ജോസ് കെ മാണിയുടെ നാവിലൂടെ പൊതുസമ്മേളന വേദിയിൽ മുഴങ്ങിയത് .
കഴിഞ്ഞ ഏഴു വർഷമായി പാലായുടെ വികസനം മുടങ്ങി കിടക്കുന്നു ;ആ വികസനം നമ്മൾക്ക് തിരിച്ചു പിടിക്കണം .പാലായിൽ മാറ്റം വരണം .പാലായിൽ താൻ എംപി ആയിരിക്കുമ്പോൾ കൊണ്ടുവന്ന വികസനങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് ജോസ് കെ മാണി കത്തി കയറിയത് .ജോസ് കെ മാണിയുടെ നല്ല പ്രസംഗങ്ങളിലൊന്നാണ് ഇന്നലെ നടന്നത്.ഇന്നലെ ഉച്ചയ്ക്ക് ഹോട്ടൽ കോർട്ടിയാർഡിൽ നടന്ന ഫൊക്കാന സമ്മേളന വേദിയിലെത്തിയ ജോസ് കെ മാണി പതിവിൽ നിന്നും ഏറെ സന്തോഷവാനായിരുന്നു .എല്ലാവരോടും കുശലം പറഞ്ഞാണ് പിരിഞ്ഞത് .വൈകുന്നേരമാവട്ടെ പൊതു സമ്മേളനത്തിൽ കത്തി കയറുകയും ചെയ്തു .
തലേ ദിവസം രാത്രി 12 മണിക്ക് ശേഷം യുവാക്കൾ കൊടി തോരണങ്ങൾ കെട്ടുമ്പോൾ അത് കാണുവാനായി അദ്ദേഹം നേരിട്ടെത്തിയത് പ്രവർത്തകർക്ക് ആവേശവുമായിരുന്നു .രാത്രിയോടെ കുരിശുപള്ളി കവലയിൽ യുവാക്കൾ ഇരുവർണ്ണത്തിലുള്ള തോരണങ്ങൾ കൊണ്ട് മേലാപ്പ് സൃഷ്ട്ടിച്ചു .രാവിലെ ഏഴ് മണിക്ക് തന്നെ യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിൽ സ്ഥലത്തെത്തി ;ജോസുകുട്ടി പൂവേലിയും സ്ഥലത്തുണ്ടായിരുന്നു .ഇന്ന് മാതാവിന്റെ നൊവേന കൂടാൻ കഴിയാഞ്ഞതിൽ ദുഃഖിച്ച ജോസുകുട്ടി പൂവേലിയെ മറി കടന്ന് തോമസുകുട്ടി വരിക്കയിൽ കുരിശുപള്ളി മാതാവിനോട് പോയി പ്രാർത്ഥിക്കുന്നതും കാണാമായിരുന്നു .
തോമസുകുട്ടിയുടെ ആഗ്രഹം പോലെ തന്നെ വൈകിട്ടോടെ മഴ മാറി നിന്ന സായം സന്ധ്യയിൽ കിഴതടിയൂർ ജങ്ഷനിൽ നിന്നും പ്രകടനം ആരംഭിച്ചു .ആന്റോ പടിഞ്ഞാറേക്കര ;ജോസ് ചീരാങ്കുഴി;സാജൻ തൊടുക ;ജോസുകുട്ടി പൂവേലി;ബൈജു പുതിയിടത്ത് ചാലിൽ ;സുനിൽ പയ്യപ്പള്ളി ;ടോബി തൈപ്പറമ്പിൽ ;അവിരാച്ചൻ ചൊവ്വാറ്റുകുന്നേൽ;സിജോ പ്ലാത്തോട്ടം ; ബിജു പാലൂപ്പടവിൽ തുടങ്ങിയവരൊക്കെ പ്രവർത്തകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി ഓടി നടക്കുന്നുണ്ടായിരുന്നു .പാലായുടെ രണ്ടാം പട്ടണമായ രാമപുരം തന്നെയാണ് ഏറ്റവും കൂടുതൽ യുവാക്കളെ പങ്കെടുപ്പിച്ച് ശ്രദ്ധ നേടിയത്.തൊട്ടു പിന്നിൽ മീനച്ചിൽ ;പാലാ ടൗൺ ;കടനാട് ;ഭരണങ്ങാനം ;എലിക്കുളം എന്നീ പഞ്ചായത്തുകളും അണി നിരന്നു .
കൂറ്റൻ പതാകയുമായി തോമസുകുട്ടി പ്രകടനം നയിച്ചപ്പോൾ മറ്റു നേതാക്കളും അനുധാവനം ചെയ്തു .രണ്ടു വരിയായി നീങ്ങിയ പ്രകടനത്തിൽ പഞ്ചവാദ്യവും ;നാസിക് ഡോളും;ചെണ്ട മേളവും കൊഴുപ്പ് കൂട്ടി.വനിതകളോടൊപ്പം കുട്ടികളെ എടുത്ത് കൊണ്ട് ചില വനിതകളെയും കാണാമായിരുന്നു.പ്രകടനം കുരിശുപള്ളി കവലയിലെത്തിയപ്പോൾ കെ എസ് സി യുടെ സംസ്ഥാന പ്രസിഡണ്ട് ബ്രൈറ്റ് വട്ടനിരപ്പേലിന്റെ വക എട്ടര കട്ടക്കുള്ള മുദ്രാവാക്യം വിളി ഉച്ച സ്ഥായിലായി.
പ്രതിസന്ധിയുടെ നാളുകളിൽ
രണ്ടിലയങ്കിത ഇരുവർണ്ണക്കൊടി
വനിലുയർത്താൻ പടപൊരുതാൻ
ഞങ്ങളെയാകെ നയിച്ചവനെ
നിലപാടുകളുടെ രാജകുമാരാ
ജോസ് കെ മാണിക്കഭിവാദ്യങ്ങൾ.
ഇല്ലായില്ല മരിച്ചിട്ടില്ല
കെ എം മാണി മരിച്ചിട്ടില്ല
പാലായെന്നൊരു ദേശത്തെ
പാലായാക്കിയ കെ എം മാണി
അദ്ദേഹത്തിന്റൊർമ്മകള്
ജീവിക്കുന്നു ഞങ്ങളിലൂടെ
ഞങ്ങളിലൊഴുകും ചോരയിലൂടെ
പതിവ് മുദ്രാവാക്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഉള്ള മുദ്രാവാക്യം വിളി തന്നെ ഒരുമയുടെ കാഹളമായിരുന്നു .കുരിശുപള്ളി കവലയിലെത്തിയ എല്ലാവരും മുദ്രാവാക്യം ഏറ്റു വിളിച്ചതോടെ അതൊരു സംഘ ഭേരിയായി മാറി .യുവജന പ്രകടനത്തിന് പിറകിൽ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ബഹുജന പ്രകടനവും ഉണ്ടായിരുന്നു .
യോഗത്തിന്റെ തുടക്കത്തിൽ സംസാരിച്ച റാന്നി എം എൽ എ പ്രമോദ് നാരായണൻ ആദ്യ വെടി പൊട്ടിച്ചു.പാലായിലെ യൂത്ത് ഫ്രണ്ട് പ്രസിഡണ്ട് തോമസുകുട്ടിയാണ് .എന്നാൽ യുവാക്കളുടെ ഈ കൂടിച്ചേരൽ കാണുമ്പോൾ പാലായിലെ ചില ആൾക്കാരോട് അടുത്ത തെരെഞ്ഞെടുപ്പിൽ ജനങ്ങൾ പറയും തോമസുകുട്ടി വിട്ടോടാ എന്ന് .ഇൻ ഹരിഹർ നഗറിലെ മുകേഷിന്റെ ഡയലോഗ് ഉപയോഗിച്ച് മാണി സി കാപ്പനെ ആക്രമിക്കാൻ ഉപയോഗിച്ചപ്പോൾ അണികൾക്കും നന്നേ പിടിച്ചു .
പ്രകടനം തുടങ്ങിയപ്പോൾ മാറി നിന്ന മഴ; പ്രകടനവും തീർന്ന് ജോസ് കെ മാണിയുടെ പ്രസംഗവും കഴിഞ്ഞാണ് ചെയ്യാൻ തുടങ്ങിയെന്നത് സംഘാടകർക്കും ആശ്വാസമായി.
യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിൽ ;സംസ്ഥാന സെക്രട്ടറിമാരായ സുനിൽ പയ്യപ്പള്ളി, സിജോ പ്ലാത്തോട്ടം, ടോബി തൈപ്പറമ്പിൽ, മനു തെക്കേൽ, അവിരാച്ചൻ ചൊവ്വാറ്റു കുന്നേൽ,സച്ചിൻ കളരിക്കൽ, നിയോജകമണ്ഡലം സെക്രട്ടറി ജെയിംസ് പൂവത്തോലി, ട്രഷറർ മാർട്ടിൻ ചിലമ്പൻ കുന്നേൽ, ജില്ലാ സെക്രട്ടറിമാരായ ബിനു പുലിയൂറുമ്പിൽ, സുജയ് കളപ്പുരക്കൽ, ആന്റോ വെള്ളപ്പാട്,ബിനേഷ് പാറാംതോട്. യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ടുമാരായ കരുൺ കൈലാസ്, സക്കറിയാസ് ഐപ്പൻപറമ്പിൽകുന്നേൽ, സഞ്ജു പൂവക്കുളം, അജോയ് തോമസ്, ടിറ്റോ കൊല്ലിതാഴെ, രാഹുൽ കൃഷ്ണൻ, ബിബിൻ മരങ്ങാട്, തോമസ് ബേബി, അബി അബു, അഖിൽ മാത്യു, അമൽ വിനോദ്,നിതിൻ മാത്യു, എബിൻ തോമസ് എന്നീ സംഘാടക സമിതിക്കു അഭിമാനിക്കാം മൂന്നു മാസമായി ഗൃഹപാഠം ചെയ്‌ത് നടത്തിയ മഹാറാലി ചരിത്ര സംഭവമാക്കിയതിൽ .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ