Kerala

ഇന്ത്യൻ ആയുധങ്ങൾക്ക് പ്രിയമേറുന്നു :പ്രഹരം കൃത്യം, വിശ്വസിക്കാമെന്ന് അര്‍മേനിയ; ഇന്ത്യന്‍ ആയുധങ്ങള്‍ അസര്‍ബൈജാന്റെ കണക്കുകള്‍ തെറ്റിച്ചു

Posted on

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആയുധങ്ങള്‍ ഗുണമേന്മയുള്ളതും കൃത്യമായി ലക്ഷ്യം ഭേദിക്കുന്നതുമാണെന്ന് അര്‍മേനിയ. ഇന്ത്യയില്‍നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനും അര്‍മേനിയ താത്പര്യം പ്രകടിപ്പിച്ചു. അസര്‍ബൈജാനുമായി തുടരുന്ന യുദ്ധത്തില്‍ നിര്‍ണായക മേല്‍ക്കൈ നേടാന്‍ ഇന്ത്യയില്‍നിന്ന് വാങ്ങിയ ആയുധങ്ങള്‍ സഹായിച്ചുവെന്നാണ്‌ അര്‍മേനിയയുടെ വിലയിരുത്തല്‍. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനുള്ള താത്പര്യവുമായി അര്‍മേനിയന്‍ പ്രതിനിധി സംഘം ഇന്ത്യയിലെത്തിയത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ഉപയോഗിച്ച, വിജയകരമായി പ്രവര്‍ത്തിക്കുകയും ലക്ഷ്യം നേടുകയും ചെയ്ത ഇന്ത്യന്‍ നിര്‍മിത ആയുധങ്ങള്‍ കൂടി വേണമെന്നാണ് ഇപ്പോള്‍ അര്‍മേനിയ ആവശ്യപ്പെടുന്നത്. നിലവിലെ യുദ്ധത്തില്‍ അര്‍മേനിയ ഇന്ത്യയില്‍നിന്ന് വാങ്ങിയ പിനാക റോക്കറ്റ് ലോഞ്ചര്‍, ലോയിട്ടറിങ് മ്യൂണിഷനുകള്‍, പ്രിസിഷന്‍ ഗൈഡഡ് ആര്‍ട്ടിലറികള്‍ എന്നിവ വളരെ ഫലപ്രദമാണെന്നാണ് അര്‍മേനിയ വിലയിരുത്തുന്നത്.
ഇവയില്‍ പലതും ആദ്യമായാണ് ഒരു സൈനിക സംഘര്‍ഷത്തില്‍ ഉപയോഗിക്കുന്നതെന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഇന്ത്യയില്‍നിന്ന് വാങ്ങുന്ന ആയുധങ്ങളുടെ കാര്യക്ഷമതയില്‍ മാത്രമല്ല അര്‍മേനിയ തൃപ്തി പ്രകടിപ്പിച്ചത്. പകരം ആയുധങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനത്തിലും കച്ചവടത്തിന് ശേഷമുള്ള ഇന്ത്യന്‍ പ്രതിരോധ കമ്പനികളുടെ പിന്തുണയിലും അര്‍മേനിയ സംതൃപ്തരാണ്.

അസര്‍ബൈജാനുമായുള്ള യുദ്ധത്തെ തുടര്‍ന്ന് വിലക്കുറവും ഗുണമേന്മയുള്ള ആയുധങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണമാണ് അര്‍മേനിയയെ ഇന്ത്യയിൽ എത്തിച്ചത്. മുമ്പ് സഖ്യരാജ്യമായ റഷ്യയില്‍നിന്നാണ് അവര്‍ ആയുധങ്ങള്‍ വാങ്ങിയിരുന്നത്. എന്നാല്‍, യുക്രൈനുമായുള്ള യുദ്ധം തുടരുന്ന റഷ്യയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കാതെ വന്നപ്പോഴാണ് അവര്‍ ഇന്ത്യയുടെ സഹായം തേടിയത്. ഇന്ത്യയാകട്ടെ ഉദാരമായി സഹായിക്കുകയും ചെയ്തു.
ഇതോടെ, ആഗോള ആയുധ വ്യാപാരത്തില്‍ ഇന്ത്യ നിര്‍ണായകശക്തിയായി വളരുകയും ചെയ്തു. അര്‍മേനിയയുടെ ഭൗമസാഹചര്യത്തില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മറ്റ് രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്ക് അന്വേഷണങ്ങള്‍ വന്നു. പിനാക റോക്കറ്റ് ലോഞ്ചറുകള്‍, സ്വാതി വെപ്പണ്‍ ലൊക്കേറ്റിങ് റഡാറുകള്‍, അഡ്വാന്‍സ്ഡ് ടൗഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം, ടാങ്ക് വേധ ഗൈഡഡ് മിസൈലുകള്‍, ലോയിട്ടറിങ് മ്യൂണിഷനുകള്‍, വിവിധ തരത്തിലുള്ള പീരങ്കികള്‍, വാഹനത്തില്‍ ഘടിപ്പിച്ച് എവിടെ വേണമെങ്കിലും കൊണ്ടുപോകാവുന്ന 155 എംഎം മൗണ്ടഡ് ഗണ്‍ സിസ്റ്റം എന്നിവയാണ് അര്‍മേനിയ ഇന്ത്യയില്‍നിന്ന് വാങ്ങുക.
നിലവില്‍ ഇവയില്‍ മിക്കതും അസര്‍ബൈജാനെതിരായ ആക്രമണത്തിന് അര്‍മേനിയ ഉപയോഗിക്കുന്നുണ്ട്. യുദ്ധത്തില്‍ അസര്‍ബൈജാന്റെ കണക്കുകൂട്ടലുകളെ ഇന്ത്യന്‍ ആയുധങ്ങളുടെ പ്രഹരശേഷി തകര്‍ത്തുകളഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ആയുധങ്ങളെ വിലകുറഞ്ഞ ഗുണമേന്മയില്ലാത്തവയെന്നാണ് അസര്‍ബൈജാന്‍ കരുതിയിരുന്നത്. എന്നാല്‍, അവയുടെ മാരകപ്രഹരത്തില്‍ അസര്‍ബൈജാന്‍ പലപ്പോഴും യുദ്ധതന്ത്രത്തില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍മേനിയയും അസര്‍ബൈജനും തമ്മിലുള്ള യുദ്ധം ഇന്ത്യയ്ക്ക് പ്രതിരോധ ആയുധ വിപണിയില്‍ വലിയ സാധ്യതകളാണ് തുറന്നുനല്‍കിയത്. പഴയ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, നാറ്റോ സഖ്യത്തിലെ രാജ്യങ്ങളും ഇന്ത്യയില്‍നിന്ന് ആര്‍ട്ടിലറി ഷെല്ലുകള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version