Kerala
പാലോടിനെതിരെ പടയൊരുക്കം ;പാലോട് പല പ്രാവശ്യമായി പുലഭ്യം തുടങ്ങിയിട്ടെന്ന് കോൺഗ്രസുകാർ
പാലോട് രവിക്കെതിരെ വിമർശനവുമായി കെഎസ്യു മുൻ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തും യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലും. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ഇരുവരുടെയും പ്രതികരണം. ‘എടുക്കാച്ചരക്ക്’… ഒരു കണ്ണാടിയിൽ നോക്കി പറയുന്നതാകും നല്ലത് ചേട്ടാ എന്നായിരുന്നു കെ എം അഭിജിത് ഫേസ്ബുക്കിൽ കുറിച്ചത്. പാർട്ടിയാണ് വലുത് പാലോട് അല്ല. പ്രവർത്തകരെ മാനിച്ച് പുറത്തിടണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ജഷീർ പള്ളിവയൽ പ്രതികരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരുമെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി പറയുന്ന ടെലഫോൺ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഒരു പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാർട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും ഫോൺ സംഭാഷണത്തിൽ പാലോട് രവി പറയുന്നുണ്ട്.