Kottayam

കാഞ്ഞിരപ്പള്ളി ബൈപാസ് – പ്രതിപക്ഷ ആരോപണം രാഷ്ട്രീയ പ്രേരിതം – ഡോ.എന്‍.ജയരാജ് എം എൽ  എ 

Posted on

 

കാഞ്ഞിരപ്പള്ളി ബൈപാസിന്റെ നിലവില്‍ പണി നിര്‍ത്തിവച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള ആരോപണങ്ങള്‍ തികച്ചും അവാസ്തവവും രാഷ്ട്രീയപ്രേരിതവുമാണ്. അനുവദിച്ച തുക അപര്യാപ്തമാണെന്ന ആരോപണം യാഥാര്‍ത്ഥ്യം മനസിലാക്കാതെയുള്ളതാണ്. 78.69 കോടി രുപയാണ് പദ്ധതിക്കായി ആകെ ഭരണാനുമതി കിഫ്ബിയില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. 24.76 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിന് ആകെ ചെലവായിട്ടുള്ളത്. റോഡ് രൂപീകരിക്കുന്നതിനും ഫ്‌ളൈഓവര്‍ നിര്‍മ്മാണത്തിനുമായി ആകെ കണക്കാക്കിയിട്ടുള്ള തുക 26.17 കോടി രൂപയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ ഇ-ടെണ്ടര്‍ ചെയ്തതില്‍ പ്രസ്തുത തുകയില്‍ നിന്ന് 1.63 ശതമാനം കുറവ് ക്വാട്ട് ചെയ്ത കരാറുകാരന് എഗ്രിമെന്റ് ഒപ്പിട്ട ശേഷം തുക അപര്യാപ്തമാണെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല.

2009 മുതല്‍ വിവിധ കടമ്പകളിലൂടെ കടന്നുവന്ന പദ്ധതിയുടെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ എം എല്‍ എ എന്ന നിലയില്‍ നിയമപരമായി സാധിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്തിട്ടുള്ളതാണ്. 2011 ല്‍ കാഞ്ഞിരപ്പള്ളി എം എല്‍ എ ആയി ചുമതലയേറ്റപ്പോള്‍ നിലവില്‍ ഹൈക്കോടതിയില്‍ കേസില്‍പ്പെട്ട് യാതൊരു തുടര്‍നടപടിയും സാധിക്കാത്ത അവസ്ഥയില്‍ നിന്ന് നിതാന്തശ്രമത്തിലൂടെയാണ് കാഞ്ഞിരപ്പള്ളി ബൈപാസിന് ജീവന്‍ വയ്പ്പിച്ചതും പദ്ധതി ഇപ്പോഴത്തെ സ്ഥിതി വരെ എത്തിച്ചതും. 2023 ആഗസ്റ്റ് മാസം മൂന്നാം തീയതി എഗ്രിമെന്റ് ഒപ്പിട്ട കരാറുകാരന് പദ്ധതി പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയം 2025 ഫെബ്രുവരി 9 ല്‍ അവസാനിച്ചതാണ്. കിഫ്ബിയുടെ ഗുണപരിശോധനാ സെല്‍ പരിശോധിച്ചതില്‍ നിര്‍മ്മാണത്തിന്റെ 40 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ശക്തമായ താക്കീത് നല്‍കുകയും 2025 ജൂണ്‍ 30 വരെ താല്‍കാലികമായി കാലാവധി നീട്ടിക്കൊടുക്കയും ചെയ്തു.

എന്നിട്ടും കരാറുകാരന്‍ പ്രവര്‍ത്തി ചെയ്യുന്നതില്‍ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കാത്ത സ്ഥിതി എം എല്‍ എ എന്ന നിലയില്‍ കിഫ്ബിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും കരാറുകാരനെ ഒഴിവാക്കാന്‍ തീരുമാനത്തിലെത്തുകയും ചെയ്തു. നിലവിലെ കരാറുകാരനെ തന്നെ ചുമതല ഏല്‍പ്പിച്ചാല്‍ 1 വര്‍ഷം കഴിഞ്ഞാലും പദ്ധതി ഇതേ നിലവാരത്തില്‍ മാത്രമേ തുടരൂ എന്ന ബോധ്യത്തിലാണ് കരാറുകാരനെതിരെ നടപടികള്‍ സ്വീകരിച്ചത്. വസ്തുതകള്‍ ഇതായിരിക്കെ പ്രതിപക്ഷം ഇക്കാര്യത്തില്‍ കരാറുകാരന്റെ ഭാഗം കേട്ടില്ലയെന്ന ആരോപണം ഉന്നയിക്കുന്നതിലെ സാംഗത്യം മനസിലാകുന്നില്ല. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാത്ത കരാറുകാരനെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല. എത്രയും പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ റീടെണ്ടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് എല്ലാ ശ്രമങ്ങളും നടന്നുവരുന്നതായും ചീഫ് വിപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version