Kerala

ഫയർ എൻ ഒ സിയും, നിർമ്മാണത്തിലെ അപാകതകളും പരിഹരിക്കാതെ ജനറൽ ആശുപത്രിയിലെ കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകിയതിൽ പാലാ നഗരസഭക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി

Posted on

പാലാ:ഫയർ എൻ ഒ സിയും, നിർമ്മാണത്തിലെ അപാകതകളും പരിഹരിക്കാതെ ജനറൽ ആശുപത്രിയിലെ കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകിയതിൽ പാലാ നഗരസഭക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി

പാലാ ജനറൽ ആശുപത്രിയിലെ കെട്ടിട നിർമ്മാണങ്ങളിലെ അപാകതകളും സുരക്ഷാ പ്രശ്നങ്ങളും ഫയർ എൻ ഒ സിയുടെ അഭാവവും ചൂണ്ടിക്കാട്ടി സർക്കാർ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന ഈ വിഷയങ്ങളോട് കണ്ണടച്ചുകൊണ്ട് ഈ കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകിയ മുനിസിപ്പാലിറ്റിയുടെ നിലപാട് ദുരൂഹത ഉണർത്തുന്നതാണ്. അതിനാൽ തന്നെ ഇതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

പാർക്കിംഗ് സ്ഥലം ഒരുക്കുന്നതിന് പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി സജ്ജീകരിച്ച പ്രദേശം ലേലം ചെയ്ത് ലഭിച്ച 9.3 ലക്ഷം രൂപ ആശുപത്രിക്ക് നൽകാതെ മുനിസിപ്പാലിറ്റി വക മാറ്റി ചെലവഴിച്ചു എന്നും ആരോപണമുണ്ട് ഇതിനെക്കുറിച്ചും അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. പാലാ നഗരത്തിന്റെ ഹൃദയഭാഗത്ത് വലിയ രീതിയിൽ റേഡിയേഷൻ പരത്തുന്ന ഓങ്കോളജി കെട്ടിടം നിർമ്മിക്കാനുള്ള ആലോചനയും ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം അല്ല എന്നത് ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്ന വിഷയമാണ്. ഇക്കാര്യത്തിലും നഗരസഭയുടെ ഭാഗത്തുനിന്ന് സുതാര്യത കൊണ്ടുവരേണ്ടതുണ്ട്.

സ്വകാര്യ വ്യക്തികൾ ആശുപത്രിയുടെ ഏക്കർ കണക്കിന് വസ്തു കയ്യേറ്റം ചെയ്തു എന്ന യാഥാർത്ഥ്യവും ജനങ്ങൾക്കു മുമ്പിൽ ഉണ്ട്. റീസർവേ നടത്തി കൃത്യമായി ആശുപത്രി ഭൂമി തിരികെ പിടിക്കുവാൻ ഉള്ള നടപടിക്രമങ്ങൾ മുനിസിപ്പൽ അധികൃതർ സ്വീകരിക്കാത്തത് ദുരൂഹമാണ്. ധൃതിപിടിച്ച് നിലവിലുള്ള അതിർത്തിയിൽ മതിലുകെട്ടുവാനുള്ള തീരുമാനം കയ്യേറ്റങ്ങൾ സ്ഥിരീകരിച്ചു കൊടുക്കുവാനുള്ള ഒത്തുകിളിയുടെ ഭാഗമാണെന്നും മണ്ഡലം കമ്മിറ്റി യോഗത്തിൽ ആരോപണമുയർന്നു.

ഈ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് നഗരസഭാ ഭരണ സമിതിയുടെ കെടുകാര്യസ്ഥയ്ക്കും ധൂർത്തിനും സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാൻ മണ്ഡലം കമ്മിറ്റി യോഗം തീരുമാനമെടുത്തു. മണ്ഡലം പ്രസിഡൻറ് തോമസ്കുട്ടി നെച്ചിക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് എൻ സുരേഷ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഡ്വ ചാക്കോ തോമസ്, അഡ്വക്കേറ്റ് സന്തോഷ് മണർകാട്, സാബു എബ്രഹാം, ആനി ബിജോയ്, മായാ രാഹുൽ, ടോണി തൈപ്പറമ്പിൽ, അർജുൻ സാബു, അഡ്വ എ എസ് തോമസ്, ബാബു ഇമാനുവേൽ, സിബി ജോസഫ്, ഷോജി ഗോപി, വി ജെ സെബാസ്റ്റ്യൻ, കെ സി സിബി, വേണുഗോപാൽ ചാമക്കാല, കിരൺ മാത്യു, ജോയി പുളിക്കൽ, വിജയൻ ചെത്തിമറ്റം, ഇമ്മാനുവൽ സി ജെ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version