Kottayam
പാലാ കൊട്ടാരമറ്റത്ത് വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു: ഇരു ചക്ര വാഹന യാത്ര ദുസ്സഹം
പാലാ കൊട്ടാരമറ്റം വൈക്കം റൂട്ടിൽ വെള്ളക്കെട്ട് മൂലം ഇരുചക്രവാഹന യാത്ര ദുസ്സഹമായി. ഒഴുകി പോകുവാൻ വഴിയില്ലാതെ മഴവെള്ളം കെട്ടി നിൽക്കുന്നതാണ് ഇരു ചക്ര ,മുചക്ര വാഹന യാത്ര ദുസ്സഹമായിട്ടുള്ളത്.
‘ പാലാ- കുറവിലങ്ങാട് റോഡിൽ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റേഷനടുത്തായി രൂപം കൊണ്ട വെള്ളക്കെട്ടാണ് അടുത്തുള്ള വ്യാപാരികൾക്ക് പോലും വിനയായി തീർന്നിട്ടുള്ളത്.. റോഡിനു കുറുകെ കലുങ്കും ഓടയും എല്ലാമുണ്ട്. പക്ഷെ വെള്ളം ഒഴുകി പോകേണ്ട നീർച്ചാൽ അടഞ്ഞതോടെ റോഡിൽ മുട്ടൊപ്പം വെള്ളക്കെട്ട് രൂപപ്പെട്ടു കാൽ നടയാത്രയും ടൂവീലർ യാത്രയും അസാദ്ധ്യമായി ഒരു വശത്തെ കെട്ടിടത്തിലേയ്ക്കും വ്യാപാര സ്ഥാപനങ്ങളിലേയ്ക്കും വെള്ളം കയറി നാശം വിതയ്ക്കുകയും ചെയ്തു. സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്നവർക്ക് പുറത്തിറങ്ങുവാൻ കഴിയാത്ത അവസ്ഥയുമാണ് ഇന്ന് രാവിലെ ഇവിടെ ഉണ്ടായത്.സമീപത്തെ കൈതോട്ടിൽ നിന്നും വെള്ളം ഒഴുകി ഇറങ്ങേണ്ട ഭാഗങ്ങൾ അടഞ്ഞതാണ് ഈ ഭാഗത്ത് ഉയർന്നതോതിൽ വെള്ളക്കെട്ട് ഉണ്ടാവാൻ കാരണമായിരിക്കുന്നത്.
വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ടൂവീലറിലും ത്രീവീലറിലും യാത്ര ചെയ്യുന്നവരുടെ ദേഹത്തേയ്ക്ക് ചെളിവെള്ളം തെറിച്ച് നനഞ്ഞു കുതിരുന്ന അവസ്ഥയിലാണ്. രാവിലെ ഷൂ ധരിച്ച് നടന്നു പോയവർക്ക് വെള്ളക്കെട്ട് വിനയായി.വെള്ളക്കെട്ട് ഒഴിവാക്കുവാൻ അധികൃതരുടെ സത്വര ഇടപെടൽ ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു