Kerala

യഥാർത്ഥ വിലയെക്കാൾ കൂടുതൽ തുക ഈടാക്കിയ ആമസോൺ നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ തർക്ക പരിഹാര കോടതി

Posted on

 

കൊച്ചി : ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് അധിക വില ഈടാക്കിയ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണിന് 15,000 രൂപ പിഴ ചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.എറണാകുളത്തെ അഭിഭാഷകനും നോട്ടറിയുമായ കെ.എ. അലക്സാണ്ടർ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

ചുവന്ന നിറത്തിലുള്ള 100 നോട്ടറി ലേബൽ ഓൺലൈനിൽ പരാതിക്കാരൻ ഓർഡർ ചെയ്തു.എന്നാൽ ഉൽപ്പന്നം വാങ്ങിയപ്പോൾ 450 രൂപ നൽകാൻ നിർബന്ധിതനായി.100 നോട്ടറി സിംബലിന് 98 രൂപയാണ് നൽകേണ്ടതെന്ന് പിന്നീട് പരാതിക്കാരന് ബോധ്യപ്പെട്ടു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി കബളിപ്പിക്കുകയാണ് എതിർ കക്ഷി ചെയ്തതെന്ന് ബോധ്യമായപ്പോഴാണ് പരാതിക്കാരനായ അഭിഭാഷകൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.ഡിസ്കൗണ്ട് നിരക്ക് പരസ്യം ചെയ്ത് പിന്നീട് അധിക തുക ഈടാക്കി ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നത് അധാർമികമായ വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

പരാതിക്കാരനോട് അധികമായി വാങ്ങിയ 352/- രൂപ തിരിച്ചു നൽകണം. കൂടാതെ 10,000/- രൂപ നഷ്ടപരിഹാരവും 5,000/- രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിർകക്ഷി പരാതിക്കാരൻ നൽകണമെന്ന് കോടതി ഉത്തരവ് നൽകി.പരാതിക്കാരനു വേണ്ടി അഡ്വ. ആർ രാജ രാജവർമ്മ കോടതിയിൽ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version