Health
വത്തിക്കാൻ: ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ശസ്ത്രക്രിയ നടത്തും. വരും ദിവസങ്ങളിൽ ശസ്ത്രക്രിയ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.
പതിവ് വൈദ്യപരിശോധനയ്ക്കിടെയാണ് ശ്വാസകോശത്തിൽ ചെറിയ മുഴ കണ്ടെത്തിയത്. മുഴ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയതാണെന്നും ഒരു പ്രത്യേക ഭാഗത്ത് മാത്രമായി ഒതുങ്ങിനിൽക്കുന്നതാണെന്നും ഡോക്ടർമാർ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
ഞായറാഴ്ച വത്തിക്കാനിൽ നടന്ന പ്രാർത്ഥനയ്ക്കുശേഷം 71കാരനായ മാർപ്പാപ്പ തന്റെ ആരോഗ്യവിവരം വിശ്വാസികളുമായി പങ്കുവെച്ചു. തനിക്കായി പ്രാർത്ഥിക്കുന്നവർക്ക് നന്ദി അറിയിച്ച മാർപ്പാപ്പ, വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ശസ്ത്രക്രിയ വിജയകരമാകാൻ പ്രാർത്ഥിക്കണമെന്നും വിശ്വാസികളോട് അഭ്യർഥിച്ചു. ഇറ്റാലിയൻ ഭാഷയിൽ നൽകിയ സന്ദേശത്തിലാണ് ഡോക്ടർമാരുടെ നിർദേശപ്രകാരം ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചത്. റോമിലെ പ്രശസ്തമായ ജെമെല്ലി ആശുപത്രിയിലാകും ശസ്ത്രക്രിയ നടക്കുകയെന്നാണ് വത്തിക്കാൻ നൽകുന്ന വിവരം. ശസ്ത്രക്രിയയ്ക്കുശേഷം ഏകദേശം ഒരാഴ്ച വിശ്രമവും തുടർപരിചരണവും വേണ്ടിവരുമെന്നാണ് സൂചന. നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത മാർപ്പാപ്പ സജീവമായ ജീവിതശൈലിയാണ് പിന്തുടരുന്നത്. ആഴ്ചതോറുമുള്ള ടെന്നീസ് കളിയും നീന്തലും അദ്ദേഹത്തിന്റെ ദിനചര്യകളുടെ ഭാഗമാണ്.