Kottayam

പിറന്നാൾ മധുരത്തിന് പോയ പിതാവിന് പിഴയുടെ കയ്പ്പ്, എരുമേലി പോലീസ് ആ കയ്പ്പിനെ മധുരതരമാക്കി: കൈയ്യടിച്ച് നാട്

Posted on

 

എരുമേലി :തൻ്റെ മകൾ വൈഗയുടെ ജന്മദിനത്തിന് അങ്കണവാടിയിലെ കൂട്ടുകാർക്ക് നൽകാൻ മിഠായി വാങ്ങാൻ പോവുകയായിരുന്നു അച്ഛനായ സുജിത്ത്. സുഹൃത്തിന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സുജിത്തിന്റെ കൈയ്യിൽ ആകെ ഉണ്ടായിരുന്നത് 200 രൂപ മാത്രമായിരുന്നു.

എന്നാൽ ഹെൽമെറ്റ് വയ്ക്കാത്തതിനും വാഹനത്തിന് റിയർവ്യൂ മിറർ ഇല്ലാത്തതിനും എരുമേലി സ്റ്റേഷനിലെ ഇന്റർസെപ്റ്റർ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘം ഇവരെ തടഞ്ഞുനിർത്തുകയും 250 രൂപ പിഴ ചുമത്തുകയും ചെയ്തു. പിഴ അടയ്ക്കാൻ വഴിയില്ലാതെ നിസ്സഹായനായ ആ പിതാവ് തന്റെ സങ്കടങ്ങൾ പോലീസുകാരോട് പറഞ്ഞു. കഴിഞ്ഞ മൂന്നാല് ആഴ്ചകളായി തനിക്ക് ജോലിയില്ലെന്നും, വീടിന്റെ സാമ്പത്തിക അവസ്ഥ വളരെ മോശമാണെന്നും, കുഞ്ഞിന്റെ അമ്മ ഒരു ഓപ്പറേഷൻ കഴിഞ്ഞു ആശുപത്രിയിലാണെന്നും അയാൾ അവരെ അറിയിച്ചു. ഈ വാക്കുകൾ കേട്ട സബ് ഇൻസ്പെക്ടർ സിജോ രവീന്ദ്രന്റെയും സഹപ്രവർത്തകരായ എ.എസ്.ഐ അജിത് കുമാർ, സി.പി.ഒ സനീത് എന്നിവരുടെയും മനസ്സലിഞ്ഞു. സുജിത്തിന്റെ പിഴത്തുക എസ്.ഐ സിജോ രവീന്ദ്രൻ തന്നെ അടയ്ക്കാമെന്ന് തീരുമാനിച്ചു.
എന്നാൽ ആ പോലീസുകാരുടെ നന്മ അവിടെ അവസാനിച്ചില്ല. കുഞ്ഞിക്കൈകളിലേക്ക് മിഠായിയുമായി ചെല്ലേണ്ട അച്ഛൻ വെറുംകൈയോടെ മടങ്ങരുത്

 

എന്ന് കരുതിയ അവർ മൂവരും ചേർന്ന് എരുമേലിയിലെ ഒരു ബേക്കറിയിൽ നിന്നും ജന്മദിന കേക്കും മിഠായികളും വാങ്ങി. തുടർന്ന് തൊട്ടടുത്തുള്ള ഒരു തുണിക്കടയിൽ പോയി വൈഗയ്ക്ക് ഒരു പുതിയ ഉടുപ്പും അവർ സ്വന്തം പണം നൽകി വാങ്ങി. പിന്നീട് ഈ സമ്മാനങ്ങളുമായി അവർ സുജിത്തിന്റെ വീട്ടിലെത്തുകയും, വൈഗയുടെ ഒപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയും ചെയ്തു..അഭിനന്ദനങ്ങൾ ആ പോലീസ് ഹൃദയങ്ങൾക്ക് ….ഒപ്പം സുജിത്തിനോട്ഇനിയും ഹെൽമെറ്റ് വെക്കാതെ ബൈക്ക് യാത്ര പോകരുതേ സുജിത്തേ ….

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version