Kerala
ചെറുവാഹനങ്ങൾക്ക് മരണക്കെണിയാണി ചെറു കുഴികൾ : ഏഴാച്ചേരി റോഡ് ചെറുകുഴികളൊൽ സമ്പന്നം
പാലാ: പാലാ – ഏഴാച്ചേരി റോഡിലെ മുണ്ടുപാലം മുതല് കരൂര് ഭാഗം വരെയുള്ള ഭാഗം പൊട്ടിത്തകര്ന്ന് കിടക്കാന് തുടങ്ങിയിട്ട് നാളുകളേറെയായി. കെ.എസ്.ഇ.ബിയുടെ വര്ക്കിന്റെ ഭാഗമായി ഒരു വര്ഷം മുമ്പ് റോഡ് കുത്തിപ്പൊളിക്കുകയും പിന്നീട് പല തവണകളായി വീണ്ടും കുത്തിപ്പൊളിച്ചു. ഈ റോഡിലൂടെ യാത്ര അപകടകരമായ അവസ്ഥയിലായിരിക്കുകയാണെന്നും എത്രയും വേഗം റോഡിലെ തകര്ച്ച പരിഹിക്കണമെന്നും പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് പി.ഡബ്ല്യു.ഡി. റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്ക്ക് ജോയി കളരിക്കല് പരാതി നല്കി.ബസ്സുകളും വലിയ ടോറസുകളും സ്ഥിരമായി ഓടുന്ന ഈ റോഡില് സൈഡ് കൊടുക്കുമ്പോള് ചെറിയ വാഹനങ്ങളായ ഓട്ടോറിക്ഷയും ടൂ വീലറുകളും വലിയ കുഴികളിലേക്ക് ചാടി അപകടങ്ങള് സംഭവിക്കുകയാണ്.
മാത്രമല്ല ഇപ്പോള് കനത്ത മഴ പെയ്യുന്നതുമൂലം കുഴികളില് വെള്ളം നിറഞ്ഞു കിടക്കുന്നതും റോഡിലെ ചെളിയും അപകടസാധ്യത വര്ദ്ധിപ്പിക്കുന്നു. നൂറുകണക്കിന് കുടുംബങ്ങള് താമസിക്കുന്ന വെള്ളഞ്ചൂര് ഭാഗത്ത് കാല്നടയാത്രക്കാര്ക്ക് സുരക്ഷിതമായി സഞ്ചരിക്കുവാന് പോലും കഴിയാത്ത അവസ്ഥയിലാണ്. റോഡിന്റെ പല വളവുകളിലും അപകടകരമായ അവസ്ഥ നിലനില്ക്കുകയാണെന്നും ജോയി കളരിക്കല് പറഞ്ഞു.
റോഡിന്റെ തകര്ച്ച മൂലം ഉണ്ടാകുന്ന അപകടങ്ങള്ക്ക് ബന്ധപ്പെട്ട അധികാരികള് ഉത്തരവാദികള് ആകുമെന്നും അപകടരഹിതമായി യാത്ര ചെയ്യുവാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാനും റോഡിന്റെ തകര്ച്ച പരിഹരിക്കുന്നതിനും ആവശ്യമായ മേല്നടപടികള് സ്വീകരിക്കണമെന്നും പരാതിയില് പറയുന്നു.