Kottayam
അരുവിത്തുറ കോളേജിൻ്റെ സേവനം മഹത്തരം: ആന്റോ ആൻറണി
ഈരാറ്റുപേട്ട: മീനച്ചിൽ താലൂക്കിലെ സാധാരണക്കാരായ ആളുകൾക്ക് ഉന്നത വിദ്യാഭ്യാസവും അതുവഴി മികച്ച ജീവിത വിജയവും ഉറപ്പാക്കിയത് 1965 ൽ അരുവിത്തുറ സെൻറ് ജോർജ്ജസ് കോളേജ് സ്ഥാപിതമായതു കൊണ്ടാണെന്ന് ആന്റോ ആൻറണി എംപി. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കിയതോടൊപ്പം അച്ചടക്കവും മൂല്യബോധവുമുള്ള ഉന്നത പൗരന്മാരെ വളർത്തിയെടുക്കുന്നതിലും അരുവിത്തുറ കോളേജ് വലിയ പങ്കുവഹിച്ചെന്നും കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ അദ്ദേഹം പറഞ്ഞു.
സെൻറ് ജോർജസ് കോളജിലെ 1978-80 ലെ പഴയ പ്രീഡിഗ്രി രണ്ടാം ഗ്രൂപ്പ് ഡി ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ‘ഗുരുവന്ദനം’ പരിപാടിയും പൂർവ്വ വിദ്യാർത്ഥി സംഗമവും ആൻ്റോ ആൻറണി ഉദ്ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റും മുതിർന്ന പത്രപ്രവർത്തകനുമായ ജോർജ് കള്ളിവയലിൽ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി തോമസ് എബ്രഹാം കണിയാംപടിക്കൽ, വൈസ് പ്രസിഡൻ്റുമാരായ സി.ആർ രാധാമണി, സിസ്റ്റർ സാലി മൈക്കിൾ എന്നിവർ പ്രസംഗിച്ചു.
സെൻറ് ജോർജസ് കോളേജിലെ മുൻ അധ്യാപകരായ പ്രഫ. സെബാസ്റ്റ്യൻ തോമസ്, പ്രഫ. വി. എസ്. ജോസഫ്, പ്രഫ. കെ. എ. തോമസ്, പ്രഫ. ഡോ. അഗസ്റ്റിൻ എം. ജോസഫ്, പ്രഫ. ഡോ. ഇഗ്നേഷ്യസ് കോര, പ്രഫ. ഗ്രേസമ്മ ജോസഫ് എന്നിവർക്ക് ഫലകവും സമ്മാനവും നൽകിയാണ് പഴയ വിദ്യാർത്ഥികൾ ആദരിച്ചത്. വിദ്യാർത്ഥികൾ നൽകിയ ആദരവ് വിലപ്പെട്ടതാണെന്നും നന്ദിയുണ്ടെന്നും അധ്യാപകർ പറഞ്ഞു.
കോളേജ് പഠനം പൂർത്തിയാക്കി 46 വർഷത്തിനുശേഷം നടന്ന കൂട്ടായ്മയിൽ പഴയ സഹപാഠികൾ കലാലയ തിരുമറ്റത്ത് പഴയകാല ഓർമ്മകൾ പങ്കുവച്ചത് അവിസ്മരണീയമായി. ഒരേ ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം വരാന്തകൾ വരെയുണ്ടായിരുന്ന പഴയകാലത്തെ കർശനമായ അച്ചടക്കം ഇപ്പോഴത്തെ കുട്ടികൾക്ക് മനസ്സിലാകില്ലെന്ന് അധ്യാപകരും വിദ്യാർത്ഥികളും പറഞ്ഞു. അന്തരിച്ച അധ്യാപകർക്കും സഹപാഠികൾക്കും സമ്മേളനത്തിൽ ആദരാഞ്ജലി അർപ്പിച്ചു..