Kerala
വ്യാപാരികളെ ഭീഷണിപ്പെടുത്തി പണപ്പിരിവ്: വ്യാജ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
പാലാ: ഓൺലൈൻ മാധ്യമങ്ങളുടെ മറവിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. പാലായിലെ പ്രമുഖ സൂപ്പർമാർക്കറ്റ്,
ഫിഷ് മാർക്കറ്റ്, വിവിധ റസ്റ്റോറന്റുകൾ എന്നിവയ്ക്കെതിരെ വ്യാജവും അപകീർത്തികരവുമായ നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിക്കുകയും, തുടർന്ന് ഇവ പിൻവലിക്കുന്നതിന് പണപ്പിരിവ് നടത്തുകയുമാണ് ഇത്തരം സംഘങ്ങൾ ചെയ്യുന്നത്.
വ്യാപാരികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം ബ്ലാക്ക്മെയിലിംഗ് പ്രവണതകൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. വ്യാപാരികളെ വഞ്ചിച്ച് പണം തട്ടാൻ ശ്രമിക്കുന്ന ദുഷ്പ്രവണതകൾക്കെതിരെ
ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം, കുറ്റക്കാർക്കെതിരെ പോലീസിലും കോടതിയിലും അടിയന്തരമായി നിയമനടപടികൾ സ്വീകരിക്കുമെന്നും സമിതി ജനറൽ സെക്രട്ടറി വി.സി. ജോസഫ് അറിയിച്ചു.