Kerala
പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന ഡി.വൈ.എഫ്.ഐ നിലപാട് വിദ്യാർത്ഥി വിരുദ്ധവും കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സവുമാണ്:അഡ്വ അനീഷ് ജി
പാലാ :കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ (PM SHRI – PM Schools for Rising India) പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന് ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ ആവശ്യപ്പെട്ടത് അത്യന്തം പ്രതിഷേധാർഹവും വിദ്യാർത്ഥികളുടെ ഭാവിയോടുള്ള വെല്ലുവിളിയുമാണ്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ആധുനിക വിദ്യാഭ്യാസ അവസരങ്ങൾ നിഷേധിക്കാനുള്ള ശ്രമം ഒരിക്കലും അംഗീകരിക്കാനാവില്ല.
രാജ്യത്തെ സർക്കാർ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക, സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക ലബോറട്ടറികൾ, ഡിജിറ്റൽ പഠനസൗകര്യങ്ങൾ, കായിക-കലാ വികസനം, തൊഴിൽ നൈപുണ്യ പരിശീലനം, പരിസ്ഥിതി സൗഹൃദ ക്യാമ്പസുകൾ എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഈ പദ്ധതിയിലൂടെ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാകുമ്പോൾ കേരളത്തിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും കൂടുതൽ മെച്ചപ്പെടും. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ലഭിക്കുകയും അധ്യാപകർക്ക് ആധുനിക പരിശീലനവും വിദ്യാലയങ്ങൾക്ക് പുതിയ വികസന സാധ്യതകളും തുറന്നുകിട്ടുകയും ചെയ്യും.
രാഷ്ട്രീയ എതിർപ്പിന്റെ പേരിൽ ഒരു ജനക്ഷേമ പദ്ധതി തള്ളിക്കളയുന്നത് കേരളത്തിലെ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ചെയ്യുന്ന അനീതിയാണ്. വിദ്യാഭ്യാസത്തെ രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണാതെ കുട്ടികളുടെ ഭാവിയുടെ കണ്ണിലൂടെ കാണാനുള്ള ഉത്തരവാദിത്വമാണ് എല്ലാവർക്കും ഉള്ളത്.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖല കൂടുതൽ ശക്തിപ്പെടുത്തണമെങ്കിൽ പി.എം. ശ്രീ പദ്ധതി പൂർണമായി നടപ്പാക്കേണ്ടത് അനിവാര്യമാണ്. വിദ്യാർത്ഥികളുടെ ഭാവിയെക്കാൾ രാഷ്ട്രീയ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഡി.വൈ.എഫ്.ഐയുടെ നിലപാട് കേരള ജനത തള്ളിക്കളയും.
വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രധാനം; രാഷ്ട്രീയം അല്ല.
കേരളത്തിൽ പി.എം. ശ്രീ പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് ബിജെപി പാലാ മുനിസിപ്പാലിറ്റിയിലെ 165 നമ്പർ ബൂത്ത് കമ്മറ്റിയിൽ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായാഡിജിറ്റൽലേണിംങ് പ്രോഗ്രാംഉദ്ഘാടനം ചെയ്തു കൊണ്ട് പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ: ജി.അനീഷ് പറഞ്ഞു. യോഗത്തിൽ 165 ബൂത്ത് പ്രസിഡന്റ് സിബി അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ മണ്ഡലം ഉപാദ്ധ്യക്ഷൻ മനോജ്, മാഞ്ചേരിൽ, മുനിസിപ്പൽ പ്രസിഡന്റ് സണ്ണി മാത്യു, സെക്രട്ടറി സുനിൽ പഴവീട്, ജിജോ മൂഴയിൽ,സുനീഷ്, വിമൽ, അഡ്വ: ജോസ് മാണി, ബിജു കോട്ടയിൽ റോയി ആന്റണി, അജിത്ത്, ബിനു എം ആർ,സിബി തുടങ്ങിയ നേതാക്കൾ സംസാരിച്ചു.