കടപ്പാക്കടയിലെ കോര്‍പറേറ്റ് ധനകാര്യ സ്ഥാപനത്തിലെ കണക്കില്‍ തിരിമറി നടത്തി 20 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ടാമനും പിടിയില്‍. സ്ഥാപനത്തിന്റെ സെയില്‍സ് ഓഫീസറായിരുന്ന ഇരവിപുരം സക്കീര്‍ ഹുസൈന് നഗര്‍ 214 ബിയില്‍ ആഷിക് മന്‍സിലില്‍ അല്‍ അമീന് (21) ആണ് പിടിയിലായത്. ഈ സംഭവത്തില്‍ മറ്റൊരു സെയില്‍സ് ഓഫീസറായിരുന്ന മുഹമ്മദ് റാഫിക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

സ്ഥാപനത്തിലെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും തിരിച്ചറിയില്‍ രേഖകളുമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഇവ ഉപയോഗിച്ച് പര്‍ച്ചേസ് ലോണിന് ധനകാര്യ സ്ഥാപനത്തിന്റെ അംഗീകാരം വാങ്ങുകയും ചെയ്തു. ഇതിനായി നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളുടെ ഇന്‍വോയ്സാണ് പ്രതികള്‍ ഉപയോഗിച്ചത്. ഇരുവരും കൂടി 2019000 രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്.
സ്ഥാപനത്തില്‍ നടത്തിയ ഇന്റെണല്‍ ഓഡിറ്റിങ്ങിലാണ് പണം തട്ടിയെടുത്ത വിവരം കണ്ടെത്തിയത്. സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജര്‍ ഈസ്റ്റ് പോലീസില്‍ നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അല്‍ അമീന് പോലീസിന്റെ പിടിയിലായത്. ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ രാജ്മോഹന്‍, എ.എസ്. ഐ ജലജ, സി.പി.ഒമാരായ രാജഗോപാല്‍, സജീവ് തുടങ്ങിയവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

