കൂട്ടിക്കൽ :ഹാഷീഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയില്‍. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശി കടവുകരയില്‍ വീട്ടില്‍ താരിഖ് തൗഫീഖ് (26) ആണ് അറസ്റ്റിലായത്. പാലാ എക്സൈസ് കെ.കെ റോഡില്‍ നടത്തിയ ഹൈവേ പെട്രോളിങ്ങിനിടയില്‍ നിര്‍ത്താതെ പാഞ്ഞ കാര്‍ പിന്തുടര്ന്ന് 19-ാം മൈലില്‍ പിടികൂടി പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ നിന്ന് 18 ഗ്രാം ഹഷീഷ് ഓയിലും 13 ഗ്രാം കഞ്ചാവും പിടികൂടിയത്. ഇയാള്‍ ഇറ്റലിയില്‍ മൂന്നുവര്‍ഷം എം.ബി.ബി.എസിന് പഠിച്ചെങ്കിലും പഠനം പൂര്‍ത്തിയാക്കിയിട്ടില്ല.

സുഹൃത്തിന്റെ പേരിലെ ഹ്യുണ്ടായ് ഇയോണ്‍ കാറില്‍ കൂട്ടിക്കലില്‍ നിന്ന് എറണാകുളത്തെ വീട്ടിലേക്ക് പോകുമ്പോള്‍ നിയന്ത്രണമില്ലാതെ കാര്‍ ഓടിച്ചത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് എക്സൈസ് പെട്രോളിങ് സംഘം ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. വാഹനത്തെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പിടികൂടിയപ്പോള്‍ ഇയാള്‍ മയക്കുമരുന്ന് ലഹരിയിലായിരുന്നു.


വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്ന ഇയാള്‍ കഴിഞ്ഞ ആഗസ്റ്റിലാണ് കേരളത്തിലെത്തിയത്. ശരീരം പുഷ്ടിക്കുന്നതിന് ഉപയോഗിക്കുന്ന പ്രോട്ടീന്‍ പൗഡര്‍ കാറില്‍ സൂക്ഷിച്ചിരുന്നു. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലാ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണ്‍, പ്രിവന്റിവ് ഓഫിസര്‍ കെ.വി. ബാബു, സിവില്‍ ഓഫീസര്‍മാരായ നിഫി ജേക്കബ്, ഡി. അമല്‍ദേവ്, ഡ്രൈവര്‍ ബിബിന്‍ ജോയ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ചങ്ങനാശ്ശേരി കോടതിയില്‍ ഹാജരാക്കി.


