ബംഗളൂരുവിൽ കാർ തടഞ്ഞു നിർത്തി യുവതിയെ അഞ്ചംഗസംഘം വെട്ടിക്കൊന്നു. തിങ്കളാഴ്ച രാത്രി 10.30-ഓടെ ആനേക്കൽ-ജിഗനി റോഡിലാണ് സംഭവം. വാടകക്കൊലയാളികളാണ് കൊലയ്ക്കു പിന്നിലെന്നാണ് നിഗമനം. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ജിഗനി സ്വദേശി അർച്ചന റെഡ്ഡി(38)യാണ് കൊല്ലപ്പെട്ടത്. ബന്ധുവീട് സന്ദർശിച്ചശേഷം ഇവർ ജിഗനിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യുവതിയുടെ ഡ്രൈവറാണ് കാർ ഓടിച്ചിരുന്നത്.

ജിഗനി ടൗണിനടുത്തെത്തിയപ്പോൾ അക്രമിസംഘം സഞ്ചരിച്ച കാർ യുവതിയുടെ കാറിന് കുറുകെയിട്ട് തടഞ്ഞു. പിൻസീറ്റിലിരിക്കുകയായിരുന്ന യുവതിയെ വലിച്ചിറക്കി വടിവാൾകൊണ്ട് വെട്ടുകയായിരുന്നു. യുവതി വെട്ടേറ്റുവീണതോടെ സംഘം രക്ഷപ്പെട്ടു. ഡ്രൈവർ ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിവാഹമോചിതയായ യുവതി മറ്റൊരാൾക്കൊപ്പമാണ് താമസം. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിനുകാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

