Politics

നാലാമൂഴത്തിന് തരൂർ വരുമോ ..?തിരുവനന്തപുരം പിടിക്കാൻ ബിജെപി,എല്ലാ കണ്ണുകളും തരൂരിലേക്ക്

തിരുവനന്തപുരം :ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നാലാം വട്ടവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ മത്സരിച്ചേക്കും. ബിജെപിക്ക് വേരോട്ടമുള്ള മണ്ഡലത്തില്‍ പരീക്ഷണം വേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായതോടെ തിരുവനന്തപുരത്ത് മത്സരിക്കില്ലെന്നായിരുന്നു അഭ്യൂഹം. അതേസമയം മണ്ഡലം നിലനിര്‍ത്താന്‍ തരൂരിന് പകരം മറ്റൊരു മികച്ച സ്ഥാനാര്‍ത്ഥി ഇല്ലെന്നാണ് പൊതുവിലയിരുത്തല്‍. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തിരുവനന്തപുരം മണ്ഡലം ശ്രദ്ധാ കേന്ദ്രമാകുമെന്ന് ഉറപ്പാണ്.

മൂന്ന് വട്ടം മിന്നും ജയം നേടി താരമായ ശശി തരൂര്‍ ഇത്തവണ ഗോദയില്‍ ഇറങ്ങുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. കോണ്‍ഗ്രസില്‍ തിരുത്തല്‍ ശക്തി ആകാന്‍ ഇറങ്ങിത്തിരിച്ച് ഹൈക്കമാൻഡിന്റെ കണ്ണിലെ കരടായി മാറി കഴിഞ്ഞു തരൂര്‍. പക്ഷെ മണ്ഡലം നിലനിര്‍ത്താന്‍ തരൂര്‍ അല്ലാതെ കോണ്‍ഗ്രസില്‍ മറ്റൊരാളില്ലെന്നാണ് പൊതു അഭിപ്രായം. മത്സരിക്കുമോ ഇല്ലയോ എന്ന് തരൂര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ തരൂര്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം തരൂരിന് തിരുവനന്തപുരത്ത് പാര്‍ട്ടി അവസരം നല്‍കുമോ എന്നകാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. അരുവിക്കര മുന്‍ എംഎല്‍എ കെ എസ് ശബരിനാഥൻ, മുന്‍ എംപി വി എസ് ശിവകുമാര്‍ എന്നിവരുടെ പേരുകളും മണ്ഡലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് ബിജെപി നോട്ടമിട്ട പ്രധാന മണ്ഡലങ്ങളില്‍ ഒന്നുകൂടിയാണ് തിരുവനന്തപുരം. ദേശീയ നേതാക്കളെ ഇറക്കി മണ്ഡലം പിടിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി അണിയറയില്‍ ഒരുക്കുന്നത്. ഈ സാഹചര്യത്തില്‍ മണ്ഡലം കൈവിട്ടാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. തരൂരിനെ മത്സരിപ്പിക്കാതിരിക്കുകയും ബിജെപി വിജയിക്കുകയും ചെയ്താല്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയേണ്ടിവരും.

കക്ഷിരാഷ്ട്രീയത്തിന് അപ്പുറം മണ്ഡലത്തിലെ വ്യക്തി ബന്ധങ്ങളാണ് തരൂരിനെ തുണയ്ക്കുന്നത്. തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ടയായി നിലനിര്‍ത്താന്‍ തരൂര്‍ തന്നെ വേണ്ടിവരും എന്നാണ് വിലയിരുത്തല്‍. മണ്ഡലത്തിന്റെ മനസറിയുന്ന തരൂര്‍ നാലാം വട്ടവും മത്സരിക്കുന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് ഇടയില്‍ വ്യത്യസ്ത അഭിപ്രായമില്ല. പക്ഷേ കേരള രാഷ്ട്രീയത്തില്‍ സജീവമായ തരൂരിന്റെ നോട്ടം നിയമസഭയിലേക്കാണെന്ന് വ്യക്തം. എങ്കിലും പാര്‍ട്ടി പറഞ്ഞാല്‍ എതിര്‍പ്പില്ലാത്ത തരൂര്‍ വീണ്ടും പോര്‍മുഖത്തേക്ക് ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top