Kerala

എരുമേലി മെരുങ്ങുമോ;തങ്കമ്മ പുറത്തേക്കോ,അകത്തേക്കോ ..?എരുമേലിയിൽ അവിശ്വാസം ഇന്ന്

എരുമേലി : എരുമേലി പഞ്ചായത്ത് അംഗം നാസർ പനച്ചിക്ക് ഇടക്കാല ജാമ്യം ലഭിച്ചതോടെ ഇന്ന്  നടക്കുന്ന അവിശ്വാസം കോൺഗ്രസ്സ് വിജയിക്കുമെന്ന് കോൺഗ്രസ്സ് നേതാവ് അഡ്വ .പി എ സലിം .28 ന് എൽ ഡി എഫ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ അവിശ്വാസം ചർച്ച ചെയ്യാനിരിക്കെ കോൺഗ്രസ്സ് അംഗം നാസർ പനച്ചിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്  .കഴിഞ്ഞ ദിവസം  പഞ്ചായത്തിൽ നടന്ന പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് നാസർ പനച്ചിക്കും കോൺഗ്രസിനും കുരുക്കാകുമെന്ന് കരുതിയത് .

.ചരളയിലെ കലിങ്കിന്റെ നിർമ്മാണം നടക്കാത്തതിൽ പ്രതിഷേധിച്ചെത്തിയ നാസർ പനച്ചി ,എ ഇ :നവമി എം മായി വാക്കേറ്റമുണ്ടാകുകയും ,എ ഇ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു .നവമി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു  .ഇന്ത്യൻ പോലീസ് ആക്ടിലെ 1860 വകുപ്പുപ്രകാരമുള്ള 342 ,353 വകുപ്പുകളാണ് നാസറിന്റെ മേൽ കുറ്റം ചുമത്തിയിരുന്നത് . ഫലത്തിൽ നാസറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ഇന്ന്  നടക്കുന്ന അവിശ്വാസ വോട്ടെടുപ്പിൽ നാസറിന് വോട്ട് ചെയ്യാനാകും .ഇനി സ്വതന്ത്രന്റെ  പിന്തുണ ഉറപ്പാക്കിയാൽ കോൺഗ്രസ്സ് ഭരണം ഉറപ്പാക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി . കോട്ടയം സെഷൻസ് കോടതിയിൽ അഡ്വ .ഫിൽസൺ മാത്യൂസ് ആണ് നാസർ പനച്ചിക്കുവേണ്ടി ഹാജരായത് .പോലീസ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാത്തതിനാലാണ് നാസറിന്റെ ജാമ്യത്തിനിടയാക്കിയത് .

എരുമേലി പഞ്ചായത്തിൽ  എൽ ഡി എഫ് ഭരണസമിതിക്കെതിരെ യൂ ഡി എഫ് നൽകിയിരിക്കുന്ന അവിശ്വാസം ഇന്ന് പതിനൊന്നിന് ചർച്ചക്കെടുക്കും .സംഭവബഹുലവും നാടകീയമായതുമായ രംഗങ്ങൾക്കാണ് ഇന്ന് പഞ്ചായത്ത് സാക്ഷ്യം വഹിക്കാൻ പോകുന്നത് .എങ്ങനെയെങ്കിലും ഭരണം നിലനിർത്താൻ കിണഞ്ഞു പരിശ്രമിക്കുകയാണ് എൽ ഡി എഫ് .അത് തന്നെയുമാണ് യൂ ഡി എഫിന്റെ ആശങ്കയും .യൂ ഡി  എഫ്   നേതാക്കൾ ഭരണം നേടുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവർക്കും അത്രയങ് വിശ്വാസം പോര.നാസർ പനച്ചിയുടെ ജാമ്യം ഇടതുപക്ഷ ഭരണസമിതിക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത് .നാട് ഭരിക്കുന്ന പാർട്ടിയുടെ പോലീസ് ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് ഇടതുപക്ഷം സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല .

പോലീസ് റിപ്പോർട്ട് സെഷൻസ് കോടതിയിൽ നൽകാത്തതാണ് നാസർ പനച്ചിക്ക് ജാമ്യം കിട്ടാൻ കാരണമായതെന്നാണ് അറിയുന്നത് .ഇതിന്റെ പേരിൽ എൽ ഡി എഫിലെ കരുത്തനായ നേതാവും പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്ജുകുട്ടിയുടെ ഭർത്താവുമായ കെ സി ജോർജുകുട്ടി എരുമേലി പോലീസിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട് .മാത്രമല്ല ഇക്കാര്യം ഇന്നലെ എൽ ഡി എഫ് കേന്ദ്രങ്ങളിൽ ശക്തമായ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട് .എരുമേലി പഞ്ചായത്തിലെ എൽ ഡി എഫ് 11 ,യൂ ഡി എഫ് 11 ,സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് .സ്വതന്ത്രൻ ആരെ പിന്തുണക്കുമോ എന്നതിനെ ആശ്രയിച്ചാണ് ഇപ്പോഴത്തെ നിലയിൽ വിജയം .സ്വതന്ത്രനായി വിജയിച്ച ഇ ജെ ബിനോയി ഇലവുങ്കൽ ഇപ്പോൾ വരെ യൂ ഡി എഫിനെ പിന്തുണക്കുമെന്നാണ് വിവരം .

നാസർ പനച്ചിക്ക് ജാമ്യം ലഭിച്ചപ്പോൾ ഫേസ് ബുക്കിൽ “പുഷ്പം പോലെ പുറത്തേക്ക് ” എന്നാണ് ബിനോയി കമന്റ് ഇട്ടത് .ഇത് യൂ ഡി എഫിനുള്ള പിന്തുണയായി കരുതാവുന്നതാണ് .പനച്ചിക്ക് ജാമ്യം കിട്ടാതെ മാറിനിൽക്കേണ്ടി വന്നാൽ അത് എൽ ഡി എഫിന് മുതൽകൂട്ടാവുമെന്നാണ് ഇടതുപക്ഷം കരുതിയത് .അതുപൊളിഞ്ഞപ്പോൾ അടുത്ത കളി കളിയ്ക്കാൻ ,ഭരണം നിലനിർത്താൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് എൽ ഡി എഫ് .ഇതിനുള്ള ചരടുവലികൾ ഇന്നലെ തന്നെ പാർട്ടി വൃത്തങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു എന്നാണ് അറിയുന്നത് .

പ്രസിഡന്റ് ,വൈസ്  പ്രസിഡന്റ് സ്ഥാനമോഹികൾ യൂ ഡി എഫിൽ നിരവധിയുണ്ടന്നുള്ളതാണ് എൽ ഡി എഫിന് പ്രതീക്ഷയേകുന്നത് .മൂന്ന് യൂ ഡി എഫ് വനിതാ അംഗങ്ങൾ പ്രസിഡന്റ് ആകാൻ പണ്ടേ തയ്യാറാണ് .അതിന്റെ കൂടെ മുൻ പഞ്ചായത്ത് പ്രസിഡന്റായ ഒഴക്കനാട് ഉപതെരഞ്ഞെടുപ്പ് വിജയിയായി വന്ന പി അനിതയും .വൈസ് പ്രസഡന്റ് സ്ഥാനം തനിക്ക് വേണമെന്ന് എഗ്രിമെന്റ് നൽകണമെന്നായിരുന്നു യൂ ഡി എഫ് നേതാക്കളുടെ അടുത്ത് ബിനോയി ഇലവുങ്കലിന്റെ ഡിമാൻഡ് .

ഇത് പാർട്ടി നേത്രത്വം അംഗീകരിച്ചില്ല .അവിശ്വാസത്തിനു ശേഷം നിലപാട് വ്യക്തമാക്കാം എന്നാണ്  യൂ ഡി എഫ് ബിനോയിയോട് സൂചിപ്പിച്ചിരിക്കുന്നത് .വനിതാ അംഗങ്ങളായി ജയിച്ചു വന്ന അത്ര കോൺഗ്രസുകാരല്ലാത്ത ചിലരും,കോൺഗ്രസ്സിലെ ഒരു പുരുഷ അംഗവും ഇപ്പോഴും സംശയനിഴലിൽ തന്നെയാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top