India

ഇന്ത്യക്ക് ഫിഫയുടെ വിലക്ക്; ഈ വിലങ്ങ് തടി എന്ന് മാറും?

ന്യൂഡൽഹി: ഏറെ നാളത്തെ ഭീഷണിക്കൊടുവിൽ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനെതിരെ ഫിഫ ഇന്നലെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അസോസിയേഷനിൽ മൂന്നാമതൊരാളുടെ(സുപ്രീം കോടതി) ഇടപെടൽ എന്ന കാരണത്താലാണ് ഫിഫ ഇന്ത്യക്കെതിരെ ഈ വിലക്കേർപ്പെടുത്തിയത്.

 

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ(AIFF) പ്രെസിഡന്റായിരുന്ന പ്രഫുൽ പട്ടേലിന്റെ പ്രെസിഡന്റായിരിക്കാവുന്ന കാലാവധി കഴിഞ്ഞിട്ടും പുതിയ തിരഞ്ഞെടുപ്പ് നടത്താതെ വന്നപ്പോഴാണ് സ്റ്റേറ്റ് അസ്സോസിയേഷനുകൾക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്. തുടർന്ന് മുൻ പ്രെസിഡന്റായിരുന്ന പ്രഫുൽ പട്ടേലിനോട് സ്ഥാനമൊഴിയാനും തെരഞ്ഞെടുപ്പ് നടപടികൾ സ്വീകരിക്കാൻ കോടതിയുടെ നിർദേശപ്രകാരം മൂന്ന് പേർ അടങ്ങുന്ന ഒരു കമ്മിറ്റിയെ(സി.ഒ.എ) നിയമിക്കുകയുമായിരുന്നു. മെയ് 18 മുതലാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ നടത്തിപ്പ് താത്കാലികമായി മൂന്ന് അംഘ കമ്മിറ്റി കോടതിയുടെ നിർദേശപ്രകാരം ചുമതലയേറ്റത്.

 

ഈ കാര്യങ്ങൾ എല്ലാം അറിഞ്ഞ ഫിഫ ഇന്ത്യയിൽ സന്ദർശനം നടത്തുകയും ജൂലൈ 31 നു മുൻപായി തെരഞ്ഞെടുപ്പ് നടത്തണമെന്നും നിർദ്ദേശിച്ചതിന് ശേഷമാണ് മടങ്ങിയത്. എന്നാൽ മൂന്ന് അംഗ കമ്മിറ്റി ഒരുക്കിയ ഭരണഘടനാ സ്റ്റേറ്റ് അസ്സോസിയേഷനുകൾക്ക് അംഗീകരിക്കാൻ ആവുന്നതല്ലായിരുന്നു. സ്റ്റേറ്റ് അസോസിയേഷനുകളിൽ ഗോവ മാത്രമാണ് ഇത് അംഗീകരിച്ചത്. തുടർന്ന് സ്റ്റേറ്റ് അസോസിയേഷനുകൾ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇത് മൂലം ഫിഫ നിർദേശിച്ച സമയത്തിനുള്ളിൽ തെരഞ്ഞടുപ്പ് നടത്താനായില്ല. തുടർന്നാണ് ഫിഫയുടെ വിലക്ക് നിലവിൽ വന്നത്. എന്നാൽ തെരഞ്ഞെടുപ്പ് നടത്തി എല്ലാം പഴയപടിയായാൽ വിലക്ക് മാറ്റുമെന്നും ഫിഫയുടെ പത്രക്കുറിപ്പിൽ പറയുന്നു.

 

ഇന്ന് നടന്ന സുപ്രീം കോടതി ഹീയറിങ്ങിൽ തുഷാർ മേഹ്തയുടെ(സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ) അപേക്ഷപ്രകാരം അടുത്ത ഹിയറിങ് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. കായിക മന്ത്രാലയവും ഫിഫയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും, ഇത് വഴിത്തിരുവുകളുണ്ടാക്കിയേക്കാമെന്നും തുഷാർ മെഹ്ത പറഞ്ഞു. സർക്കാർ ഇടപെട്ട് ഫിഫയുടെ വിലക്ക് പിൻവലിക്കുകയും അണ്ടർ 17 വനിതാ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നതിനായി സർക്കാർ സജീവമായ പങ്ക് വഹിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

 

എന്തൊക്കെയാണ് വിലക്ക് വഴി ഇന്ത്യക്ക് ഉണ്ടായേക്കാവുന്ന അനന്തര ഫലങ്ങൾ ?

 

വരുന്ന അണ്ടർ 17 ലോക കപ്പ് ഇന്ത്യയിൽ വെച്ചാണ് നടത്താനിരിക്കുന്നത്. ഫിഫയുടെ വിലക്ക് നിലവിലുള്ളപ്പോൾ ഇന്ത്യക്ക് ആതിഥേയത്വം വഹിക്കാനാവില്ല. വിലക്ക് നിലവിൽ ഉള്ളപ്പോൾ ഇന്റർനാഷണൽ മത്സരങ്ങളിൽ പങ്കെടുക്കാനും ഇന്ത്യയ്ക്ക് ആവില്ല. ഇതുകൊണ്ട് തന്നെ എ എഫ് സി വുമൺസ് ക്ലബ്ബ് ചാമ്പിയൻഷിപ്പ് മത്സരങ്ങൾക്ക് വേണ്ടി ഒരുങ്ങിയ ഗോകുലം കേരള എഫ് സി ക്കും മത്സരത്തിൽ പങ്കെടുക്കാനാവില്ല. ഇതേ തുടർന്ന് ഇന്ത്യൻ ഗവൺമെറ്റന്റ് ഇടപെട്ട് മത്സരങ്ങൾ നടത്താൻ അനുകൂല സാഹചര്യം ഉണ്ടാക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് ഗോകുലം കേരള എഫ് സി അപേക്ഷിച്ചിട്ടുണ്ട്. പ്രീ സീസണുവേണ്ടി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ യു എ ഇ ലാണ്. നിലവിൽ പ്രീ സീസൺ മത്സരങ്ങൾക്ക് മാറ്റമുണ്ടാവില്ലന്നാണ് പുറത്തു വരുന്ന വാർത്തകൾ. യു എ ഇ ലെ പ്രമുഖ മൂന്ന് ക്ലബ്ബ്കളുമായി ബ്ലാസ്റ്റേഴ്‌സ് കൊമ്പുകോർക്കും. ആഗസ്റ്റ് 20 മുതലാണ് പ്രീ സീസൺ മത്സരങ്ങൾ തുടങ്ങുന്നത്. വിലക്ക് നിലവിലുള്ളപ്പോൾ വിദേശ താരങ്ങളെ രജിസ്റ്റർ ചെയ്യാനും ക്ലബ്ബ്കൾക്കാവില്ല. ഇതും ഐ എസ് എൽ നു പരിശീലനം നടത്തുന്ന ടീമുകൾക്ക് നിരാശയേകുന്നതാണ്.

അണ്ടർ 17 വുമൺസ് ലോക കപ്പ് ഇന്ത്യയിൽ നടക്കുന്നതുകൊണ്ട് തന്നെ സർക്കാർ ഇടപെട്ട് കാര്യങ്ങൾ വേഗംനടത്തുമെന്നും ഉടനെ തന്നെ വിലക്ക് നീങ്ങുമെന്നുമാണ് കാൽപന്ത് ആരാധകരുടെ പ്രതീക്ഷ.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top