കല്‍പ്പറ്റ: വയനാടിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പറ്റ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന താമരശ്ശേരി ചുരം പ്രക്ഷോഭ യാത്ര തിങ്കളാഴ്ച. രാവിലെ എട്ടിന് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധീഖിന്‍റെ നേതൃത്വത്തില്‍ പ്രക്ഷോഭ യാത്ര ആരംഭിക്കും.

ലക്കിടി ഭാഗത്തുനിന്നുമായിരിക്കും പ്രക്ഷോഭ യാത്ര ആരംഭിക്കുക. ചുരം ബൈപ്പാസും, ബദല്‍ പാതകളും, റെയില്‍വെയും, എയര്‍ കണക്ടിവിറ്റിയും യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാഥ നടത്തുന്നതെന്ന് ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. എല്ലാ പ്രദേശങ്ങളും വളരുമ്പോള്‍ ആ വളര്‍ച്ചയോടൊപ്പം മുന്നില്‍ പോകാന്‍ ആഗ്രഹിക്കുന്ന വയനാടിനെ തളര്‍ത്തുന്നതും പുറകോട്ടടിപ്പിക്കുന്നതുമായ സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്.
2018 ല്‍ ലഭ്യമായ വനഭൂമി ഉപയോഗിച്ച് 6,7,8 വളവുകള്‍ വരെ നിവര്‍ത്താതെ വര്‍ഷങ്ങള്‍ അടയിരുന്നത് വയനാടന്‍ ജനതയോട് കാണിച്ച ഏറ്റവും വലിയ ക്രൂരതയാണ്. വയനാടിന്റെ സാമ്പത്തിക-സാമൂഹിക-വികാസ പ്രക്രിയയെ ഗുരുതരമായി ബാധിക്കുന്ന തരത്തിലേക്ക് ഇത് എത്തപ്പെട്ടിരിക്കുകയാണ്. നിയമസഭയിലും, നിവേദനങ്ങളായും ചര്‍ച്ച ഉള്‍പ്പെടെ നിരന്തരം പരിശ്രമങ്ങള്‍ നടത്തിയിട്ടും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടും സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ തുടരുന്ന ഘട്ടത്തിലാണ് പ്രക്ഷോഭ പതയാത്രക്ക് നേതൃത്വം കൊടുക്കാന്‍ തീരുമാനിച്ചതെന്നും ടി സിദ്ദീക് പറഞ്ഞു. കെ. മുരളീധരന്‍ എം.പി യാത്ര ഉദ്ഘാടനം ചെയ്യും. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ജാഥയെ ചിപ്പിലിത്തോട് വെച്ച് തിരുവമ്പാടി, കൊടുവള്ളി നിയോജകണ്ഡലങ്ങളിലെ യുഡിഎഫ് പ്രവര്‍ത്തകരും, ചുരം സംരക്ഷണ സമിതി അടക്കമുള്ള നേതാക്കന്‍മാരും സ്വീകരിക്കും. തുടര്‍ന്ന് അടിവാരത്ത് പൊതു സമ്മേളനം നടക്കും.

