വെട്ടു കത്തിയുമായെത്തിയ യുവാക്കൾ ജീവനക്കാരനെ കുത്തുകയായിരുന്നു. പെട്രോൾ പമ്പിൽ ഫോൺ ഉപയോഗിക്കരുത് എന്ന് പറഞ്ഞതിനായിരുന്നു ആക്രമണമെന്നാണ് വിവരം. ഗുരുതരമായ പരിക്കേറ്റ ജീവനക്കാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

ഇന്നലെ രാത്രി വിഴിഞ്ഞം ജങ്ഷന് സമീപത്തെ പെട്രോൾ പമ്പിലായിരുന്നു സംഭവം. രണ്ട് യുവാക്കൾ ബൈക്കിൽ ഇന്ധനം നിറക്കാനെത്തിയതായിരുന്നു. പിന്നിലിരുന്നയാൾ ഫോണിൽ സംസാരിക്കുന്നത് കണ്ട ജീവനക്കാരൻ, പെട്രോൾ പമ്പിൽ വെച്ച് ഫോണിൽ സംസാരിക്കുന്നത് അപകടത്തിനിടയാക്കുമെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് വാക്കേറ്റമുണ്ടാവുകയും ചെയ്തു.

പമ്പിൽ നിന്ന് പോയ യുവാക്കൾ വെട്ടുകത്തിയുമായെത്തി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വെട്ടു കത്തി ഉപയോഗിച്ച് ജീവനക്കാരനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.