തൃശൂർ :ധനകാര്യസ്ഥാപനം വായ്പ നിഷേധിച്ചതിനാൽ സഹോദരിയുടെ വിവാഹം മുടങ്ങുമോയെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി സുമംഗലിയായി. പാറമേക്കാവ് അമ്പലത്തിൽ 8.30 നും ഒൻപതിനും ഇടയിൽ നടന്ന ചടങ്ങിൽ വിപിന്റെ സഹോദരി വിദ്യയ്ക്ക് നിധിൻ താലിചാർത്തി. വിവാഹശേഷം ദമ്പതിമാർ നിധിന്റെ കയ്പമംഗലത്തെ വീട്ടിലേക്ക് പോകും. ഡിസംബർ ആറിനായിരുന്നു വിപിൻ ജീവനൊടുക്കിയത്. ഡിസംബർ പന്ത്രണ്ടിനായിരുന്നു ഈ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമായിരുന്നു. പൊന്നും പണവുമൊന്നും നിധിൻ ആവശ്യപ്പെട്ടിരുന്നില്ല. എങ്കിലും പെങ്ങൾക്ക് വിവാഹത്തിന് അൽപം സ്വർണവും നല്ലവസ്ത്രവും നൽകാനുള്ള പ്രയത്നത്തിലാണ് കുണ്ടുവാറയിലെ മൂന്നുസെന്റിലെ ചെറിയ വീട് പണയപ്പെടുത്തി ഒരുലക്ഷമെങ്കിലും എടുക്കാൻ വിപിൻ തീരുമാനിച്ചത്.

പണം നൽകാമെന്നും ഡിസംബർ ആറ് തിങ്കളാഴ്ച രാവിലെ എത്താനുമായിരുന്നു ധനകാര്യസ്ഥാപനം അറിയിച്ചത്. അതുപ്രകാരം പെങ്ങളെയും അമ്മയെയും സ്വർണം വാങ്ങാനായി ജ്വാല്ലറിയിലേക്കയച്ച് ധനകാര്യസ്ഥാപനത്തിലെത്തിയ വിപിന് പണം നൽകാനാകില്ലെന്ന മറുപടിയാണ് കിട്ടിയത്. തുടർന്ന് മനംനൊന്ത് വീട്ടിൽ ആത്മഹത്യചെയ്യുകയായിരുന്നു. തുടർന്ന് അനേകംപേർ സഹായവുമായെത്തി. പണമല്ല വലുത് പ്രണയിനിയാണെന്ന് ഉറച്ച നിലപാടെടുത്ത നിധിൻ, വിപിന്റെ മരണാനന്തരച്ചടങ്ങുകൾ കഴിഞ്ഞ് വിവാഹം കഴിച്ചേ വിദേശത്തേക്ക് മടങ്ങൂവെന്ന് തീരുമാനിച്ചു. ജനുവരി പകുതിയോടെ നിധിൻ വിദേശത്തേക്ക് ജോലിക്കായി മടങ്ങും. വൈകാതെ വിദ്യയെയും കൊണ്ടുപോകും.

