തിരുവനന്തപുരം: ആരോഗ്യ മന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. പോലീസ് അന്വേഷണം വഴിപാട് ആകുമെന്ന കാര്യം വ്യക്തമാണ്. മന്ത്രി ഇന്നലെ നടത്തിയ അപക്വമായ പ്രസ്താവന തിരുത്തുകയും തൻ്റെ പേഴ്സണൽ സ്റ്റാഫിനെ അന്വേഷണം പൂർത്തിയാകുന്നതുവരെ പുറത്ത് നിർത്തുകയുമാണ് മന്ത്രി ചെയ്യേണ്ടിയിരുന്നത്. അതിനുപകരം സ്വന്തം സ്റ്റാഫിനെ വെള്ളപൂശിയത് ഒട്ടും ശരിയായ നടപടിയല്ല. അഴിമതിയിൽ മുങ്ങിനിൽക്കുന്ന സർക്കാരിൽ ഇതിനപ്പുറവും നടക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

പരാതിക്കാരൻ നൽകിയ പരാതി പോലീസിന് നൽകാതെ മുക്കിയശേഷം ആരോപണവിധേയൻ നൽകിയ പരാതി മാത്രം പോലീസിന് നൽകിയ മന്ത്രി ആദ്യം ചെയ്തത് തൻ്റെ സ്റ്റാഫിനെ വെള്ളപൂശുന്നതായിരുന്നു.ഇതോടെ വെട്ടിലായ പോലീസ് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടിൽ തപ്പുകയാണ്. ഈ സാഹചര്യത്തിൽ അന്വേഷണം പ്രഹസമാകുമെന്ന കാര്യം ഉറപ്പാണെന്നും ചെന്നിത്തല പറഞ്ഞു.

