Kerala

സർക്കാരിന്റെ കൈയിൽ ഒന്നുമില്ല; ധനസ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറത്തിറക്കണമെന്ന് വി ഡി സതീശൻ

സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറത്തിറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുവരെ കണ്ടിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഇക്കാര്യം സർക്കാർ തന്നെ ഹൈക്കോടതിയിലും സമ്മതിച്ചു. സർക്കാരിന്റെ കൈയിൽ ഒരു പൈസയുമില്ല. സാമൂഹിക സുരക്ഷാ പെൻഷൻ നിർത്തിവെച്ചു.വികസനപ്രവർത്തനങ്ങൾ നടക്കുന്നില്ല, എല്ലാ സാമൂഹികക്ഷേമ പരിപാടികളും തടസപ്പെട്ടു, കെ.എസ്.ആർ.ടി.സി, വൈദ്യുതി ബോർഡ്, സപ്ലൈകോ, കെ.റ്റി.ഡി.എഫ്.സി എന്നിവ തകർന്നു. 28,000 പട്ടികജാതി കുടുംബങ്ങൾക്കുള്ള ആനുകൂല്യങ്ങൾ മൂന്ന് വർഷമായി നൽകുന്നില്ല. കുട്ടികളുടെ ഉച്ചയൂണിന് നൽകാനും പണമില്ല. എന്നിട്ടും ധൂർത്തിന് ഒരു കുറവുമില്ല.

രണ്ട് മാസം മുൻപാണ് തിരുവനന്തപുരത്ത് ഓണാഘോഷം നടന്നത്. അതിന്റെ പണം ഇതുവരെ കൊടുത്ത് തീർത്തിട്ടില്ല. എന്നിട്ടും തുലാവർഷക്കാലത്ത് മുഖ്യമന്ത്രി അല്ലാതെ ആരെങ്കിലും ഇങ്ങനെയൊരു പരിപാടി നടത്തുമോയെന്ന് സതീശൻ ചോദിച്ചു. ഈ പരിപാടി കൊണ്ട് ഒരു പ്രയോജനവുമില്ല. സ്വർണത്തിൽ നിന്നും ബാറുകളിൽ നിന്നും ഉൾപ്പെടെ നികുതി പിരിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. സംസ്ഥാനത്തിന്റെ യഥാർഥ ധനസ്ഥിതി വ്യക്തമാക്കിയുള്ള ധവളപത്രം പുറത്തിറക്കാൻ സർക്കാർ തയാറാകണം.

ലൈഫ് മിഷൻ അഭിമാന പദ്ധതിയാണെന്നാണ് സർക്കാർ പറഞ്ഞത്. ഒരു ഗഡു നൽകി തറകെട്ടിയിട്ട് അടുത്ത ഗഡു വാങ്ങാൻ ഗുണഭോക്താക്കൾ എത്തുമ്പോൾ പണം നൽകാൻ ഇല്ലാതെ വി.ഇ.ഒമാർ പിൻവാതിലിലൂടെ മുങ്ങുകയാണ്. 27 കോടി കേരളീയത്തിന് നൽകിയ സർക്കാർ ലൈഫ് പദ്ധതിക്ക് ഏഴ് മാസം കൊണ്ട് നൽകേണ്ട 717 കോടിയുടെ സ്ഥാനത്ത് ആകെ 18 കോടി മാത്രമാണ് നൽകിയത്. നവകേരള സദസിന് വേണ്ടി പഞ്ചായത്തുകളോടും സഹകരണബാങ്കുകളോടും പണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചായത്തുകൾക്ക് ഓഗസ്റ്റിൽ നൽകേണ്ട പദ്ധതി വിഹിതമായ 3000 കോടി ഇതുവരെ നൽകിയിട്ടില്ല. ജീവനക്കാർക്ക് 40000 കോടി നൽകാനുണ്ട്. ഒന്നും നൽകാനാകാതെ സർക്കാർ വലിയ പ്രതിസന്ധിയിലാണെന്നും സതീശൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top