വയനാട് അമ്പലവയലിൽ മുഹമ്മദിനെ കൊലപ്പെടുത്തിയത് അമ്മയും രണ്ട് പെൺമക്കളും ചേർന്നെന്ന് പോലീസ്. കൊലപതകത്തിൽ മറ്റാർക്കും പങ്കില്ല. മുഹമ്മദ് അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോള്‍ പെൺകുട്ടികൾ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. പെണ്‍കുട്ടികളേയും അമ്മയെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. അരമണിക്കൂറോളം തെളിവെടുപ്പ് നീണ്ടുമെനിന്നു. കൊലയ്ക്ക് ഉപയോഗിച്ച കോടാലിയും മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോയ ബാഗും കണ്ടെടുത്തു. മൃതദേഹത്തില്‍ നിന്നും കാല്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു. ഇതിനിടെ കൊല്ലപ്പെട്ട മുഹമ്മദിന്റെ ഫോൺ കണ്ടെടുത്തു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നത്. അമ്മയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് തടഞ്ഞപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും 68 വയസുകാരനായ മുഹമ്മദും തമ്മിൽ ഉന്തും തള്ളും ഉണ്ടായെന്നാണ് മൊഴി. വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് പെൺകുട്ടികൾ മുഹമ്മദിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. മൃതദേഹം ചാക്കിൽ കെട്ടി വീടിനടുത്തുള്ള പൊട്ടക്കിണറ്റിൽ തള്ളിയ നിലയിലായിരുന്നു. കാൽ മുറിച്ചുമാറ്റി വീടിന് തൊട്ടടുത്തുള്ള മാലിന്യ പ്ലാന്‍റിന് സമീപവും ഉപേക്ഷിച്ചു. പിന്നീട് മൂന്ന് മണിയോടെ അമ്മയും പെൺകുട്ടികളും പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

