Kerala

കേരളത്തിന് വീണ്ടും വന്ദേഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്ര സർക്കാർ; മൂന്നാം വന്ദേഭാരത് കൊച്ചുവേളിയിലെത്തി

തിരുവനന്തപുരം: കേരളത്തിന് വീണ്ടും വന്ദേഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്ര സർക്കാർ. ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന്റെ പെയറിംഗ് ട്രെയിനാണ് കേരളത്തിന് അനുവദിച്ചത്. ട്രെയിൻ കൊച്ചു വേളിയിൽ എത്തിച്ചു. ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി (പി.എ.സി) മുൻ ചെയർമാനും ബിജെപി നേതാവുമായ പി.കെ കൃഷ്ണദാസ് ആണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം വിവരം പങ്കുവച്ചത്. ഇതോടെ സംസ്ഥാനത്ത് ഓടുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം മൂന്നായി. ഞായറാഴ്ചയായിരുന്നു കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചത്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ ട്രെയിൻ സർവ്വീസും ആരംഭിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും മറ്റൊരു തീവണ്ടി കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത്.

തിങ്കളാഴ്ച രാത്രിയാണ് മൂന്നാമത്തെ റേക്ക് കൊച്ചുവേളിയിലെത്തിച്ചത്. എട്ടു കോച്ചുകളുളള റേക്കാണ് തിരുവനന്തപുരം ഡിവിഷന് കൈമാറിയത്. വെളളയും നീലയും ചേർന്ന നിറത്തിലുളളതാണ് പുതിയ റേക്ക്. കാസർകോട് നിന്ന് രാവിെല പുറപ്പെടുന്ന ആലപ്പുഴ വഴിയുളള വന്ദേഭാരത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെത്തുന്നത് വൈകിട്ട് 3. 05 നാണ് . 4. 05നാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഒരു മണിക്കൂർ സമയം കൊണ്ട് കൊച്ചുവേളിയിലെത്തിച്ച് അറ്റകുറ്റപണി പൂർത്തിയാക്കാനാകില്ല. അതുകൊണ്ടാണ് പകരം റേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് വിവരം.

കാസർകോട് 11. 55 ന് എത്തുന്ന വന്ദേഭാരതിന് രാവിലെ ഏഴ് മണിക്ക് അടുത്ത സർവീസിനു മുമ്പ് അറ്റകുറ്റപണിക്ക് സമയമുണ്ടെങ്കിലും അവിടെ അതിനുളള സൗകര്യമില്ല. കൊച്ചുവേളിയിൽ അറ്റകുറ്റപണി നടത്തേണ്ടതിനാൽ നിലവിൽ തിങ്കളാഴ്ച കാസർകോട്ടേയ്ക്കും ചൊവ്വാഴ്ച തിരുവനന്തപുരത്തേയ്ക്കും സർവീസില്ല. പുതിയ ഒരു റേക്ക് കൂടി എത്തുമ്പോൾ ഭാവിയിൽ എല്ലാ ദിവസവും സർവീസ് നടത്താനുളള സാധ്യത കൂടിയാണ് തെളിയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top