പാലാ: കരൂർ പഞ്ചായത്തിലെ വലവൂർ സർവ്വിസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചെങ്കിലും വൈസ് പ്രസിഡൻ്റ് സ്ഥാനത്തെ ചൊല്ലിയുള്ള ചേരിതിരിവ് പ്രകടമായി പുറത്ത് വന്നു.എൽ ഡി എഫിലും മാണി ഗ്രൂപ്പിലും വൈസ് പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുള്ള വിവാദങ്ങൾ കൊഴുക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന സത്യപ്രതിജ്ഞ ചടങ്ങിലും ആദ്യ ബോർഡ് യോഗത്തിലും മൂന്ന് സി പി എം പ്രതിനിധികൾ വിട്ടുനിന്നു. സുമതി ദേവി ,രഞ്ജിത് തങ്കപ്പൻ,ബേബി ജോസ് എന്നീ സി.പി എം അംഗ ങ്ങളാന്ന് യോഗം ബഹിഷ്ക്കരിച്ചത്. ആദ്യ ടേമിൽ തന്നെ പ്രസിഡൻറും വൈസ് പ്രസിഡൻറും മാണി ഗ്രൂപ്പിനാവണമെന്ന് അവരും ,വൈസ് പ്രസിഡൻറ് സ്ഥാനം തങ്ങൾക്കാവണമെന്ന് സി.പിഎമ്മും ആവശ്യപ്പെട്ടെങ്കിലും ,മാണി ഗ്രൂപ്പ് കർശന നിലപാടാണ് സ്വീകരിച്ചത്. കോൺഗ്രസ് മുന്നണിയിലായിരുന്നപ്പോൾ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും തങ്ങൾക്കായിരുന്നെന്ന് മാണി ഗ്രൂപ്പ് സി പി എമ്മിനെ ഓർമ്മിപ്പിച്ചു.പതിനഞ്ചംഗ ബോർഡിൽ മാണി വിഭാഗത്തിന് പതിനൊന്നും ,സി പി എമ്മിന് മൂന്നും ,സി പി ഐ ക്ക് ഒരു അംഗവുമാണ് ഉള്ളത്. എന്നാൽ സി പി ഐ അംഗം പ്രകാശ് കെ.ജി കുവയ്ക്കൽ സത്യപ്രതിജ്ഞാ ചടങ്ങിലും യോഗത്തിലും പങ്കെടുത്തു.
അതേ സമയം വൈസ് പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി മാണി ഗ്രൂപ്പിലും അസ്വാരസും തുടങ്ങി കഴിഞ്ഞു. വൈസ് പ്രസിഡൻറ് സ്ഥാനം സാധാരണ നായർ സമുദായത്തിനാണ് നൽകാറുള്ളത് .എന്നാൽ ഇത്തവണ നായർ സമുദായത്തിൽ നിന്നും ആരുമില്ലാത്തതിനാൽ മറ്റ് സമുദായത്തിന് നൽകുന്നത് പ്രകാരം രാമചന്ദ്രൻ അള്ളും പുറത്തിനെ വൈസ് പ്രസിഡൻ്റ് ആക്കണമെന്ന് മാണി ഗ്രൂപ്പ് കരൂർ മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ മാടപ്പാട്ട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ നേതൃത്വം അതിനെ മുഖവിലയ്ക്കെടുക്കാതെ ഫ്രാൻസിസ് സെബാസ്റ്റ്യനെ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് അവരോധിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് കുഞ്ഞുമോൻ മണ്ഡലം പ്രസിഡണ്ട് സ്ഥാനം രാജിവെക്കുമെന്ന് ഭീഷണിപ്പെടുത്തി.തുടർന്ന് നടന്ന അനുരഞ്ജന ചർച്ചകളുടെ ഭാഗമായി മണ്ഡലം പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കി തരണമെന്ന നിലപാടിലാണ് കുഞ്ഞുമോൻ മാടപ്പാട്ട് എന്നാണ് റിപ്പോർട്ട് .ലോക് സഭാ തെരെഞ്ഞെടുപ്പ് പടിവാതുക്കൽ വന്നപ്പോൾ ഭരണകക്ഷിയിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ കൗതുകത്തോടെയാണ് ജനങ്ങൾ നിരീക്ഷിക്കുന്നത്.
NB: കേരളാ കോൺഗ്രസ് (എം) കരൂർ മണ്ഡലം പ്രസിഡണ്ടായ താൻ തൽസ്ഥാനം രാജിവെച്ചിട്ടില്ലെന്നും ,രാജിവെച്ചു എന്നുള്ള പ്രചരണങ്ങൾ അസത്യമാണെന്നും, താൻ എന്നും കേരളാ കോൺഗ്രസുകാരനായി തുടരുമെന്നും കേരളാ കോൺഗ്രസ് (എം) കരൂർ മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ മാടപ്പാട്ട് അറിയിച്ചു.

