തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാർത്ഥിയെ സ്വകാര്യ ബസ്സിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏറെ ഗൗരവത്തോടെ തന്നെയാണ് ഇതിനെ കാണുന്നതെന്നും പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ശിവൻകുട്ടി പറഞ്ഞു.

ഇന്നലെ തൃശൂർ തിരുവില്വാമലയിലാണ് സംഭവമുണ്ടായത്. കുട്ടി നൽകിയ ബസ് ചാർജ് കുറഞ്ഞുപോയി എന്നാരോപിച്ചാണ് ബസ്സിലെ ജീവനക്കാർ കുട്ടിയെ ഇറക്കിവിട്ടത്. പഴമ്പാലക്കോട് എസ്എംഎം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ്സിൽ കയറിയതായിരുന്നു കുട്ടി.

