മലപ്പുറം: മുസ്ലിം ലീഗിന്റെ ആശങ്കകൾ പരിഹരിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് പാണക്കാടെത്തും. കോൺഗ്രസ് നേതൃതല കൺവെൻഷനായി മലപ്പുറത്ത് എത്തുന്ന നേതാക്കൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. മലപ്പുറം ജില്ലാ കോൺഗ്രസ് തർക്കത്തിൽ മുസ്ലിം ലീഗിൽ അമർഷം പുകയുന്നതിനിടയിലാണ് കോൺഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനം.

ഇന്ന് രാവിലെ ഒൻപതു മണിയോടെ പാണക്കാട് എത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പി കെ കുഞ്ഞാലിക്കുട്ടിയെ ഫോണിൽ വിളിച്ച് അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഈ സമയം പാണക്കാട് എത്തുമെന്നാണ് വിവരം. കെ സുധാകരന്റെ വിവാദ പ്രസ്താവനകളും, യുഡിഎഫിലെ അഭിപ്രായ വ്യത്യാസങ്ങളും കൂടിക്കാഴ്ച്ചയിൽ ചർച്ചയാകും. ആര്യാടൻ ഷൗക്കത്ത് പൊന്നാനിയിൽ സിപിഐഎം സ്ഥാനാർത്ഥിയാകുമോ എന്ന ആശങ്കയും ചർച്ചയാകും.
ലോക്സഭ തിരഞ്ഞടുപ്പിന് മുൻപ് തർക്കങ്ങൾ പരിഹരിക്കണമെന്ന് ലീഗ് ആവശ്യപ്പെടും. തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ കോൺഗ്രസ് സന്ദർഭത്തിനനുസരിച്ച് ഉയർന്ന് പ്രവർത്തിക്കണമെന്ന് ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. മുസ്ലിം ലീഗിന്റെ പരസ്യ പ്രതികരണങ്ങളിലുള്ള ആശങ്കയും കോൺഗ്രസിന്റെ സന്ദർശനത്തിന്റെ പിന്നിലുണ്ട്.

