ലഖ്‌നൗ: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ, ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ‘ഇന്‍ഡ്യ’ മുന്നണിയിലെ പാര്‍ട്ടികള്‍ക്കുള്ളില്‍ സീറ്റ് വിഭജന കാര്യങ്ങളില്‍ ചര്‍ച്ച ആരംഭിച്ചിക്കുകയാണ്. ‘ഇന്‍ഡ്യ’ മുന്നണിക്കുള്ളില്‍ സീറ്റ് വിഭജനം സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങാനാണ് സാധ്യത.

സംസ്ഥാനത്ത് 111 എംഎല്‍എമാരുള്ള സമാജ്‌വാദി പാര്‍ട്ടി മുഖ്യപ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ മാത്രമല്ല കോണ്‍ഗ്രസിനേക്കാളും ആര്‍എല്‍ഡിയെക്കാളും കൂടുതല്‍ എംപിമാരുള്ള പാര്‍ട്ടിയെന്ന നിലയില്‍ കൂടി സ്വാഭാവികമായി പ്രതിപക്ഷ സഖ്യത്തിന്റെ നേതാവ് സമാജ്‌വാദി പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന് ഒരു എംപി മാത്രമാണുള്ളത്. ആര്‍എല്‍ഡിക്കാണെങ്കില്‍ ലോക്‌സഭയില്‍ എംപിയുമില്ല.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഘടകകക്ഷികള്‍ക്ക് സീറ്റുകള്‍ വിട്ടുകൊടുക്കുന്ന നിലയില്‍ ആയിരുന്നെങ്കില്‍ ഇത്തവണ കൂടുതല്‍ നേടിയെടുക്കുന്ന തരത്തിലേക്ക് മാറാനാണ് സമാജ്‌വാദി പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് അഖിലേഷ് യാദവ് പല തവണ വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ സമാജ്‌വാദി പാര്‍ട്ടി വിജയിക്കാത്തതും എന്നാല്‍ ഘടകകക്ഷികള്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയതുമായ 19 സീറ്റുകള്‍ മാത്രം വിട്ടുകൊടുക്കാനാണ് സമാജ്‌വാദി പാര്‍ട്ടി ആലോചിക്കുന്നതെന്നാണ് പാര്‍ട്ടിയിലെ ഉന്നതവൃത്തങ്ങളില്‍ നിന്നുള്ള വിവരം.
2019ല്‍ സമാജ്‌വാദി പാര്‍ട്ടി ബിഎസ്പിയോടൊപ്പം ചേര്‍ന്നാണ് മത്സരിച്ചത്. സഖ്യത്തിന്റെ ഭാഗമായി തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ജോന്‍പൂര്‍, മൗവു, അംബേദ്കര്‍ നഗര്‍ എന്നിവ ബിഎസ്പിക്ക് വിട്ടുകൊടുക്കുകയും താരതമ്യേന ശക്തികുറഞ്ഞ ലഖ്‌നൗ, വാരണാസി എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കുകയും ചെയ്ത് നഷ്ടക്കച്ചവടമായെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ കരുതുന്നു.
അതിനാല്‍ ഒരിക്കലും വിജയിക്കാന്‍ സാധ്യതയില്ലാത്ത മണ്ഡലങ്ങള്‍ ആദ്യമേ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുത്ത് വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ നഷ്ടപ്പെടുത്താത്തിരിക്കുക എന്നതായിരിക്കും ഇത്തവണ സമാജ്‌വാദി പാര്‍ട്ടി സ്വീകരിക്കുന്ന നയം. കോണ്‍ഗ്രസ് മത്സരിക്കുന്ന അമേത്തിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ സമാജ്‌വാദി പാര്‍ട്ടി മത്സരിപ്പിക്കുകയില്ല. ‘ഇന്‍ഡ്യ’ സഖ്യത്തിലില്ലാത്ത ബിഎസ്പിയുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുന്നു എന്ന അഭ്യൂഹങ്ങള്‍ വരവേയാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ഈ നീക്കങ്ങള്‍.

