കോട്ടയം :ലഹരി വിരുദ്ധ പ്രചാരണം നടത്തിയതിന്റെ വിരോധം നിമിത്തം യുവാവിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.പെരുമ്പായിക്കാട് എസ്.എച്ച് മൗണ്ട് ഇടത്തിനകം വീട്ടിൽ ബിജു മകൻ ഹരിബിജു (20), പെരുമ്പായിക്കാട് നട്ടാശ്ശേരി എസ്.എച്ച് മൗണ്ട് സ്കൂളിന് സമീപം തൈത്തറയിൽ വീട്ടിൽ തങ്കച്ചൻ മകൻ ജെസ്ലിൻ തങ്കച്ചൻ (20)എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞദിവസം പെരുമ്പായിക്കാട് മാമൂട് ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും ഭാര്യയെയും പിതാവിനെയും മറ്റും ആക്രമിക്കുകയും, വീട് തല്ലി തകർക്കുകയുമായിരുന്നു. യുവാവ് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പുകൾ സംഘടിപ്പിക്കുകയും, പോസ്റ്ററുകള്‍ ഒട്ടിക്കുകയും തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നതിനുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ചത്.
പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളിൽ ഒരാളായ ഹരിബിജുവിന് ഗാന്ധിനഗർ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി അടിപിടി കേസും, മറ്റൊരു പ്രതിയായ ജസ്ലിന് ഗാന്ധിനഗർ സ്റ്റേഷനില്‍ അടിപിടി, മോഷണം തുടങ്ങിയ കേസുകളും നിലവിലുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ പ്രദീപ് ലാൽ, മാർട്ടിൻ, അലക്സ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.

