തിരുവനന്തപുരം: തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്ര പ്രവേശന വിളംബര വാർഷിക ആഘോഷത്തില്‍ നിന്ന് തിരുവതാംകൂര്‍ രാജകുടുംബം വിട്ടു നിൽക്കും. പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ നോട്ടീസ് വിവാദമായ പശ്ചാത്തലത്തിലാണ് തീരുമാനം. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ചുള്ള ദേവസ്വം ബോർഡിൻ്റെ പുരാവസ്തു സാംസ്കാരിക വകുപ്പ് ഇറക്കിയ നോട്ടീസ് ആണ് വിവാദത്തിലായത്.

ഗൗരി ലക്ഷ്മി ഭായി, ഗൗരി പാർവ്വതി ഭായ് എന്നിവർ തിരുവിതാംകൂറിൻ്റെ രാജ്ഞിമാരാണ്. ക്ഷേത്ര പ്രവേശനം സനാതന ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കാൻ വേണ്ടിയാണ്. ചിത്തിര തിരുനാൾ അറിഞ്ഞു നൽകിയതാണ് ക്ഷേത്ര പ്രവേശനം എന്നിങ്ങനെ നോട്ടീസിൽ ഉടനീളം രാജഭക്തി നിറഞ്ഞു നിന്നതാണ് വിവാദമായത്. നോട്ടീസിൻ്റെ ഉള്ളടക്കത്തിലെ ഗുരുതരമായ തെറ്റ് യാദൃശ്ചികമെന്നാണ് ഇത് പുറത്തിറക്കിയ പുരാവസ്തു സാംസ്കാരിക വിഭാഗം ഡയറക്ടർ ബി മുരളീധരൻ നായരുടെ പക്ഷം. വിവാദമായതോടെ നോട്ടീസ് പിന്‍വലിച്ചിരുന്നു.

