പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രപ്രവേശന ദിനാചരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിവാദ നോട്ടീസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ.

ധീരമായ പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശം തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ നോട്ടീസ് ഇടയാക്കിയതിനാൽ നോട്ടീസ് പിൻവലിച്ചിരുന്നു. ക്ഷേത്ര പ്രവേശനം ആരുടെയും ഔദാര്യമായിരുന്നില്ല. സമൂഹത്തിലെ എല്ലാ മേഖലയിലെയും ജനവിഭാഗങ്ങൾ ധീരമായി പോരാടി നേടിയെടുത്ത അവകാശമാണ്. എല്ലാ വിഭാഗം ജനങ്ങളും ആ സമരത്തിൽ അണിനിരന്നിട്ടുണ്ട്. നോട്ടീസിൽ പ്രതിപാദിച്ച ആശയങ്ങളുമായി ദേവസ്വം ബോർഡിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് ചിത്തിര തിരുനാൾ രാജാവിന്റെ പ്രതിമ ദേവസ്വം ബോർഡ് ആസ്ഥാനത്ത് സ്ഥാപിതമായത്. ദീർഘനാളായി മോശമായി കിടക്കുന്ന അവസ്ഥയിലായിരുന്നു പ്രതിമയും പരിസരവും.
അത് നവീകരിച്ച് 87-ാം വാർഷികത്തോടനുബന്ധിച്ച് നല്ലനിലയിൽ നിലനിർത്തുകയെന്നത് മാത്രമാണ് ദേവസ്വം ബോർഡ് ഉദ്ദേശിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച നോട്ടീസിലെ ആശയങ്ങൾ തെറ്റായി വ്യാഖ്യാനിക്കാൻ ഇടയായതായും അനന്തഗോപൻ പറഞ്ഞു.

