ന്യൂഡൽഹി: കോഴ വാങ്ങി പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചുവെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. കഴിഞ്ഞ മാസം 31-ന് ഹാജരാകാൻ നിർദേശം നൽകിയിരുന്നെങ്കിലും ദുർഗാ പൂജയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാനുള്ളതു കൊണ്ട് ഹാജരാകാൻ കഴിയില്ലെന്ന് മഹുവ അറിയിക്കുകയായിരുന്നു. ഇനി ഇളവുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോക്സഭ എത്തിക്സ് കമ്മിറ്റി മഹുവയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് മഹുവ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായത്.

ആരോപണങ്ങൾ തെളിഞ്ഞാൽ പാർലമെന്റിൽ നിന്ന് മഹുവ പുറത്താക്കപ്പെടാനാണ് സാധ്യത. എത്തിക്സ് കമ്മിറ്റി ഇരട്ടത്താപ്പ് കാണിക്കുന്നു എന്നാരോപിച്ച മഹുവ തനിക്കെതിരെ സത്യവാങ്മൂലം നൽകിയ ദർശൻ ഹിരാനന്ദാനിയെ വിസ്തരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനൽ ആരോപണങ്ങൾ പരിശോധിക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്നും ചെയർമാനും ബിജെപി എംപിയുമായ വിനോദ് കുമാർ സോങ്കാറിനു നൽകിയ കത്തിൽ മഹുവ പറയുന്നു.
പാർലമെന്റ് ലോഗിനും പാസ്‌വേഡും തന്റെ സുഹൃത്തും വ്യവസായിയുമായ ദർശൻ ഹിരാനന്ദാനിക്ക് നൽകിയെന്ന് മഹുവ മൊയ്ത്ര നേരത്തെ സമ്മതിച്ചിരുന്നു. ലോഗിനും പാസ്‌വേഡുകളും ദർശന്റെ ടീമിന്റെ പക്കലുണ്ട്. അവരുടെ ഓഫീസിലെ ഒരാൾക്ക് ചോദ്യങ്ങൾ ടൈപ്പ് ചെയ്യാനും അപ്‌ലോഡ് ചെയ്യാനും ലോഗിൻ നൽകിയിട്ടുണ്ട്. എന്നാൽ ഒരു ഒടിപി വരുമെന്നും അത് തന്റെ ഫോണിലേക്ക് മാത്രമേ വരു എന്നും മഹുവ പറഞ്ഞു. താൻ ഒടിപി നൽകുമ്പോൾ മാത്രമേ ചോദ്യങ്ങൾ സമർപ്പിക്കുകയുള്ളൂ. താനറിയാതെ ഒരു ചോദ്യവും അതിൽ വരില്ല. ദർശൻ തന്റെ ഐഡിയിൽ ലോഗിൻ ചെയ്ത് സ്വന്തം ചോദ്യങ്ങൾ ചോദിക്കുമെന്നു പറയുന്നത് പരിഹാസ്യമാണ്. അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും നിരസിച്ചുകൊണ്ട് മഹുവ മൊയ്ത്ര വ്യക്തമാക്കി.

