പാലക്കാട്: തൃത്താല കരിമ്പനക്കടവിൽ ഉണ്ടായ ഇരട്ടകൊലപാതകം താൻ തന്നെ ചെയ്തതെന്ന് പ്രതി മുസ്തഫ സമ്മതിച്ചു. സുഹൃത്തുക്കളായ അൻസാറിനെയും കബീറിനെയും കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് മുസ്തഫ പൊലീസിനോട് പറഞ്ഞു. ലഹരി ഉപയോഗത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മുസ്തഫയുടെ അറസ്റ്റ് തൃത്താല പൊലീസ് രേഖപ്പെടുത്തി. കേസിൽ ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കും.

വ്യാഴാഴ്ചയാണ് കൊണ്ടൂർക്കര സ്വദേശി അൻസാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ അൻസാറിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. സുഹൃത്തും കൊടലൂർ സ്വദേശിയുമായ മുസ്തഫയാണ് തന്നെ ആക്രമിച്ചതെന്ന് മൊഴി നൽകിയ ഉടൻ അൻസാർ മരിച്ചു. അൻസാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, വടക്കാഞ്ചേരിയിൽ വച്ച് അന്ന് രാത്രി തന്നെ മുസ്തഫയെ തൃത്താല പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇവർക്കൊപ്പം ഉണ്ടായിരുന്ന കാരക്കാട് സ്വദേശി കബീറിനെയും കഴുത്തു മുറിച്ച് കൊലപ്പെടുത്തിയ രീതിയിൽ ഭാരതപ്പുഴയിൽ നിന്ന് ഇന്നലെ കണ്ടെത്തിയത്.

