തൃശൂര്‍: അരിമ്പൂരില്‍ തമിഴ്‌നാട് സ്വദേശിയായ കെട്ടിട നിര്‍മാണ തൊഴിലാളിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പോലീസ് പിടിയില്‍. മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ നിന്നാണ്. തമിഴ്‌നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദാമോദരന്‍ (22), കടലൂര്‍ ബണ്ടരുട്ടി സ്വദേശി ഷണ്‍മുഖന്‍ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 13 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

വര്‍ഷങ്ങളായി അന്തിക്കാട് അരിമ്പൂരില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായി താമസിക്കുന്ന തമിഴ്‌നാട് കടലൂര്‍ സ്വദേശി ആദിത്യന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ വീടിനകത്ത് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. വീട് പുറമേ നിന്ന് പൂട്ടിയ നിലയിലായിരുന്നു.
സംഭവ സ്ഥലത്തെത്തിയ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്ഗ്രെ, ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ ഷൈജു, ഇന്‍സ്‌പെക്ടര്‍ പി.കെ ദാസ് എന്നിവര്‍ കൊലപാതക സാധ്യത മുന്നില്‍ കണ്ടാണ് അന്വേഷണം ആരംഭിച്ചത്. പല സംഘങ്ങളായി തിരിഞ്ഞ് പൊലീസ് സംഘം അന്തിക്കാട്, അരിമ്പൂര്‍, തൃശൂര്‍ മേഖലയില്‍ നിരവധി പേരെ ചോദ്യംചെയ്തു. ഇതോടെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. പിന്നാലെ അടിയന്തരമായി ഇന്‍സ്‌പെക്ടര്‍ പി.കെ ദാസിന്റെ നേതൃത്വത്തില്‍ ആറംഗ സംഘത്തെ തമിഴ്‌നാട്ടിലേക്ക് അയച്ച് നടത്തിയ ചടുല നീക്കത്തിലാണ് ഒന്നാം പ്രതി ദാമോദരന്‍ പിടിയിലായത്. ട്രിച്ചി പൊലീസിന്റെ കൂടി സഹായത്തോടെ നാഗൂര്‍, കാരയ്ക്കല്‍, ട്രിച്ചി എന്നിവിടങ്ങളിലെ പരിശോധനയിലാണ് ദാമോദരന്‍ കസ്റ്റഡിയിലായത്.

