തൊടുപുഴ: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച് വില്‍പന നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റില്‍. വഴിത്തലയില്‍ താമസിക്കുന്ന കരിങ്കുന്നം തട്ടാരത്തട്ട സ്വദേശി വട്ടപ്പറമ്പില്‍ റോബിൻസ് ജോയി(പപ്പൻ- 21)യാണ് പൊലീസ് പിടിയിലായത്.

കെ.എസ്.ആര്‍.ടി.സി ഡിപ്പോ, തീയേറ്റര്‍ കോംപ്ലക്‌സ്, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ കട തുടങ്ങിയവയുടെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നാണ് ഇയാള്‍ ബൈക്കുകള്‍ മോഷ്ടിച്ച് വില്‍പന നടത്തിയത്. ഇത്തരത്തില്‍ അഞ്ച് ബൈക്കുകള്‍ ഇയാള്‍ മോഷ്ടിച്ച് വില്‍പന നടത്തിയതായി പൊലീസ് പറഞ്ഞു. സ്വകാര്യ ബസില്‍ ക്ലീനറായ ഇയാള്‍ നഗരപ്രദേശത്ത് രാത്രി ചുറ്റി നടന്ന് പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് ബൈക്ക് കടത്തുകയാണ് പതിവ്.
എസ്.ഐമാരായ അജയകുമാര്‍, ടി.എം. ഷംസുദീൻ, എ.എസ്.ഐ ഉണ്ണി കൃഷ്ണൻ, സി.പി.ഒ മാഹിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

