കോട്ടയം :കുമരകം :പ്രണയബന്ധത്തിലെ തര്‍ക്കത്തിന് പിന്നാലെ പട്ടാപ്പകല്‍ തൂങ്ങിമരിച്ച് 19കാരന്‍. കാമുകിയെ കാണാനില്ല. കുമരകത്ത് ചീപ്പുങ്കലിൽ ഇറിഗേഷൻ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്ത് ഇന്നലെ ഉച്ചയോടെയാണ് ഗോപി വിജയ് എന്ന പത്തൊമ്പതുകാരന്‍ തൂങ്ങിമരിച്ചത്. ഗോപി വിജയ്‌ക്കൊപ്പം ഇവിടെയെത്തിയ പെണ്‍കുട്ടിയെ കാണാനില്ല. ഈ കുട്ടിയ്ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസുള്ളത്.

വെച്ചൂർ അംബികാ മാർക്കറ്റിന് സമീപം മാമ്പ്രയിൽ ഹേമാലയത്തിൽ പരേതനായ ഗിരീഷിന്റെ മകനാണ് ഗോപി വിജയ്. രാവിലെ പത്ത് മണിയോടെ വേമ്പനാട്ട് കായല്‍ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഇവര്‍ എത്തിയത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഉച്ചയോടെ ഇതുവഴി പോയവരാണ് ഗോപി വിജയ് തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധിക്കുന്നത്. ഒരു പെണ്‍കുട്ടി കായല്‍ തീരത്തെ വഴിയിലൂടെ ഓടിപ്പോവുന്നത് സമീപത്തുള്ള ചില വീട്ടുകാര്‍ കണ്ടതായാണ് പറയുന്നത്. ഇവരുടെതെന്ന് കരുതുന്ന ബാഗും ഗോപി വിജയ് എഴുതിയ കുറിപ്പും സംഭവ സ്ഥലത്ത് വെച്ച് പോലീസ് കണ്ടെടുത്തു.
പ്രണയ ബന്ധത്തിലെ തര്‍ക്കം മൂലമാണ് ആത്മഹത്യയെന്നാണ് കത്ത് വിശദമാക്കുന്നത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ മാസ്കും തുവാലയും പെണ്‍കുട്ടിയുടെതാണ്. നഴ്സിങ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയും മൊബൈല്‍ ടെക്നീഷ്യനായ ഗോപി വിജയും ഇതിന് മുന്‍പും ഇവിടെ വന്നിട്ടുണ്ട്. സംഭവത്തിലെ ദുരൂഹത അവസാനിക്കാന്‍ പെണ്‍കുട്ടിയെ കണ്ടെത്തണമെന്ന നിലപാടിലാണ് പോലീസുള്ളത്. ഗോപി വിജയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

