
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ ദമ്പതിമാർ സഞ്ചരിച്ച ബൈക്കിൽ പാറയുമായി വന്ന ടിപ്പർ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വെട്ടിക്കവല കോക്കാട് ജയഭവനിൽ മനോജ് (44) ആണ് മരിച്ചത്. ഭാര്യ ജയ മനോജിനെ (40) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ ചിരട്ടകോണം ജങ്ഷനിലായിരുന്നു അപകടം. തലച്ചിറ ഭാഗത്തുനിന്നെത്തി പനവേലി ഭാഗത്തേക്ക് തിരിയുകയായിരുന്നു ബൈക്ക്. വെട്ടിക്കവലയിൽനിന്ന് വാളകത്തേക്കുപോയ ടിപ്പർ ലോറിയാണ് ഇടിച്ചത്.
ലോറിക്കടിയിൽപ്പെട്ട ഇരുവരെയും നിരക്കി ഇരുപത് മീറ്ററോളം ഓടിയാണ് വണ്ടി നിന്നത്. നാട്ടുകാരും പോലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്തത്.ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ദമ്പതിമാരുടെ ശരീരത്തിലൂടെ ടിപ്പർ കയറി ഇറങ്ങുകയായിരുന്നു. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ മനോജ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. ഭാര്യ ജയക്ക് കാലിനാണ് പരിക്ക്.
ആംബുലൻസ് എത്താൻ അരമണിക്കൂറോളം വൈകിയത് പ്രതിഷേധത്തിന് കാരണമായി. വെട്ടിക്കവല ഗ്രാമപ്പഞ്ചായത്തിൽ പുതുതായി വാങ്ങിയ ആംബുലൻസ് എത്തിച്ചാണ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മനോജ് മരിച്ചു.കിളിമാനൂരിൽ പ്രവർത്തിക്കുന്ന വഴിയോര കട എന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു മനോജ്. ബികോം വിദ്യാർഥി അഭിജിത്, പത്താം ക്ലാസ്സ് വിദ്യാർഥിനി നിജ എന്നിവരാണ് മക്കൾ. സംസ്‌കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.

