Kerala

ആര്‍.എസ്.എസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ പാര്‍ട്ടി നേതാക്കളെ പ്രതി ചേര്‍ക്കാന്‍ പാലക്കാട് പോലീസ് നടത്തുന്ന ശ്രമം അനുവദിക്കില്ലെന്ന് എസ്.ഡി.പി.ഐ

പാലക്കാട്: ആര്‍.എസ്.എസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതാക്കളെ പ്രതി ചേര്‍ക്കാന്‍ പാലക്കാട് പോലീസ് നടത്തുന്ന ശ്രമം അനുവദിക്കില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുല്‍ ഹമീദ്. പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ് പറയുന്ന പോലെയാണ് അന്വേഷണം നടന്നതെന്ന് അബ്ദുല്‍ ഹമീദ് ആരോപിച്ചു. ശ്രീനിവാസന്‍ വധക്കേസില്‍ ജില്ലയിലുടനീളം അറസ്റ്റും റെയ്ഡും നടത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ജില്ലയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തുകയാണെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു.

അഷ്‌കര്‍ എന്ന യുവാവിനെ നാലു ദിവസം കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ച് മൊഴിയെന്ന പേരില്‍ നേതാക്കളുടെ പേരുകള്‍ പറയിച്ച് വീഡിയോ റെക്കോഡ് ചെയ്തിരിക്കുകയാണ്. പാലക്കാട് സൗത്ത് സ്റ്റേഷന്‍ കോംപൗണ്ടിലുള്ള ട്രാഫിക് സ്റ്റേഷനിലും എസ്.പി ഓഫീസിനു സമീപമുള്ള കെട്ടിടത്തിലുമാണ് അഷ്‌കര്‍, ആദം, നാസര്‍ എന്നീ യുവാക്കളെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചത്. സി.ഐ ശശിധരന്‍, സി.പി.ഒ സുനില്‍, നെന്മാറ സി.ഐ ദീപക് കുമാര്‍ എന്നിവരാണ് തെറിയഭിഷേകം നടത്തി അഷ്‌കറിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കുനിച്ച് നിര്‍ത്തി മുട്ട് കൈകൊണ്ട് മുതുകില്‍ ഇടിക്കുക, അടി വയറ്റില്‍ ചവിട്ടുക, മര്‍ദ്ദനമേറ്റ് മറിഞ്ഞു വീണ അഷ്‌കറിന്റെ തലയുടെ പിന്‍ഭാഗത്ത് അടിയ്ക്കുക, സ്വകാര്യ ഭാഗങ്ങളില്‍ മുളക് പൊടി സ്പ്രേ ചെയ്യുക തുടങ്ങിയ ക്രൂരമായ പീഡനങ്ങളാണ് മൂന്ന് ഉദ്യോഗസ്ഥരും നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു.

 

അന്യായമായി കസ്റ്റഡിയിലെടുത്ത തന്നെ അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ് മര്‍ദ്ദിച്ചതെന്ന് അഷ്‌കര്‍ പറഞ്ഞു. എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം എസ്.പി അമീര്‍ അലി, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന് പറയാനാണ് പോലീസ് ആവശ്യപ്പെട്ടത്. ക്രൂരമായ മര്‍ദ്ദനത്തില്‍ അവശനായ തന്നോട് ഉദ്യോഗസ്ഥര്‍ പറഞ്ഞുതരുന്നതു പോലെ പറയാന്‍ ആവശ്യപ്പെട്ടു. അപ്രകാരം പറയിച്ച് വീഡിയോ റെക്കോഡ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത അഷ്‌കറിനെ കാണാന്‍ മാതാവും ഭാര്യയും കുട്ടികളും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നെങ്കിലും അനുവദിച്ചില്ല. രാത്രി മുഴുവന്‍ അവരെ പുറത്ത് നിര്‍ത്തി.

 

കഴിഞ്ഞ കുറേ നാളുകളായി പാലക്കാട് പോലീസ് ആര്‍.എസ്.എസ് ഇംഗിതത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സക്കീര്‍ ഹുസൈന്‍ എന്ന യുവാവിനെ ആര്‍.എസ്.എസുകാര്‍ വെട്ടി നുറുക്കി. ഭാഗ്യം കൊണ്ടു മാത്രമാണ് ജീവന്‍ അവശേഷിച്ചത്. ഇന്നും പരസഹായത്തിലാണ് അദ്ദേഹം ജീവിക്കുന്നത്. പിന്നീട് സുബൈറിനെ വിഷു ദിനത്തില്‍ പിതാവിന്റെ മുമ്പിലിട്ട് വെട്ടി കൊന്നു. മാസങ്ങള്‍ നീണ്ട ആസൂത്രണവും ഗൂഢാലോചനയും നടത്തിയിട്ട് പോലീസ് ആ വഴിക്ക് അന്വേഷിച്ചില്ല. ആയുധവും വാഹനവും നല്‍കിയവരെ പ്രതി ചേര്‍ത്തിട്ടില്ല. സുബൈര്‍-ശ്രീനിവാസന്‍ കൊലപാതകങ്ങളില്‍ പോലീസ് നടപടികളും അറസ്റ്റും വിലയിരുത്തുന്ന ഏതൊരാള്‍ക്കും പോലീസിന്റെ ആര്‍.എസ്.എസ് വിധേയത്വവും പക്ഷപാതിത്വവും വ്യക്തമാകും. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഫിറോസിന്റെ വീട്ടിലേക്ക് ആര്‍എസ്എസ്സുകാര്‍ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതികളെ പിടിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

 

നിരവധി പ്രവര്‍ത്തകരെ പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വിവര ശേഖരണം നടത്തിവരികയാണ്. നിരപരാധികളെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കും. പോലീസിന്റെ പക്ഷപാതപരമായ നീക്കത്തിനെതിരേ നിയമപരമായും ജനാധിപത്യപരമായും പോരാടുമെന്നും പി.അബ്ദുല്‍ ഹമീദ് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം എസ്.പി അമീര്‍ അലി, ജില്ലാ പ്രസിഡന്റ് സഹീര്‍ ചാലിപുറം, കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ അഷ്‌കര്‍ അലി എന്നിവരും പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top