Kerala

മണ്ണിലും വിണ്ണിലും മകര സംക്രമസന്ധ്യയുടെ പുണ്യം നിറച്ചു ശബരിമലയിൽ മകരവിളക്ക് തെളിഞ്ഞു

മണ്ണിലും വിണ്ണിലും മകര സംക്രമസന്ധ്യയുടെ പുണ്യം നിറച്ചു ശബരിമലയിൽ മകരവിളക്ക് തെളിഞ്ഞു.ഭക്തജനങ്ങളുടെ വൻ തിരക്കാണ് സന്നിധാനത്ത് ഉള്ളത്. നിയന്ത്രണങ്ങൾ പാലിച്ച് 75,000 തീർത്ഥാടകരെയാണ് സന്നിധാനത്ത് ഇന്ന് പ്രവേശിപ്പിച്ചത്. സന്നിധാനത്തും പമ്പയിലുമായി വിവിധയിടങ്ങളിൽ മകരജ്യോതി കാണാൻ സൗകര്യമൊരുക്കിയിരുന്നു.

ഭഗവാന് ചാർത്താനുള്ള തിരുവാഭരണത്തെ വഹിക്കുന്ന പേടകങ്ങളുമായി എത്തിയ സംഘത്തെ ശരംകുത്തിയിൽ ദേവസ്വംബോർഡ് അംഗങ്ങൾ സ്വീകരിച്ചു. തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുന്നതിനിടെയാണ് ആദ്യത്തെ വിളക്ക് തെളിഞ്ഞത്. പതിനെട്ടാം പടി കയറിയെത്തിയ തിരുവാഭരണത്തെ മണ്ണിൽ അയ്യപ്പന്മാർ ശരണം വിളിയോടെ എതിരേറ്റപ്പോൾ ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പ്രദക്ഷിണം വയ്‌ക്കുന്ന അസുലഭ കാഴ്ചയ്‌ക്കും സന്നിധാനം സാക്ഷിയായി.

കൊവിഡ് കാലത്തെ ഏറ്റവും വലിയ ഭക്തജന സാന്നിധ്യമാണ് ഇന്ന് ശബരിമലയിൽ ദൃശ്യമായത്. തിരുവാഭരണപേടകം സന്നിധാനത്ത് എത്തിയതിന് പിന്നാലെ ആഭരണങ്ങൾ അയ്യപ്പനെ അണിയിച്ച് 6.47-നാണ് നട തുറന്നത്. അയ്യപ്പനുള്ള ദീപാരാധന കഴിഞ്ഞതിന് പിന്നാലെ പൊന്നമ്പലമേട്ടിൽ മൂന്ന് തവണയായി മകരജ്യോതി തെളിയുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top