Kerala

ജപ്തി ചെയ്യാനായി ബാങ്ക് ഉദ്യോഗസ്ഥർ വന്നു കുറ്റിയടിച്ചു മടങ്ങിയതിനു പിന്നാലെ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

കോട്ടയം: വൈക്കത്തിനടുത്ത് തലയാഴത്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. വാക്കേത്തറ സ്വദേശി കാർത്തികേയൻ (61) ആണ് മരിച്ചത്. തോട്ടകം സഹകരണ ബാങ്കിൽ കാർത്തികേയന് 17 ലക്ഷം രൂപയുടെ വായ്പാ കുടിശിക ഉണ്ടായിരുന്നു. 2014ൽ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ഇന്ന് രാവിലെ കാർത്തികേയന്റെ വീടും സ്ഥലവും അളന്നു. ബാങ്ക് ഉദ്യോഗസ്ഥർ മടങ്ങിയതിനു പിന്നാലെയായിരുന്നു കാർത്തികേയന്റെ ആത്മഹത്യ. ബാങ്ക് സമ്മർദ്ദമാണ് മരണ കാരണമെന്ന് കുടുംബം ആരോപിച്ചു. ആത്മഹത്യയുടെ കാരണം പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഏഴ് വർഷം മുൻപ് ഏഴ് ലക്ഷം രൂപയാണ് കാർത്തികേയൻ ബാങ്കിൽ നിന്ന് വായ്പയെടുത്തത്. പലിശയടക്കം ഉയർന്ന് വായ്പാത്തുക 17 ലക്ഷമായി ഉയർന്നു. സാമ്പത്തിക വർഷം അവസാനിക്കാറായ സാഹചര്യത്തിലാണ് ബാങ്ക് അധികൃതർ ഇന്ന് രാവിലെ കാർത്തികേയന്റെ വീട്ടിലെത്തിയത്. ജപ്തിയുടെ ആദ്യഘട്ട നടപടികളാണ് തുടങ്ങിയത്. തുടർന്ന് വീടടക്കം സ്ഥലം ഇന്ന് ഉദ്യോഗസ്ഥരെത്തി അളന്നു. ശേഷം കുറ്റിയടിച്ച് കയർ കെട്ടി സ്ഥലം തിരിച്ചു.

ഈ സമയത്ത് കാർത്തികേയൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇദ്ദേഹം ബാങ്ക് ജീവനക്കാരോട് സൗഹാർദ്ദപരമായാണ് സംസാരിച്ചതെന്ന് ബാങ്ക് അധികൃതർ പറയുന്നു. ഇവർ പോയതിന് പിന്നാലെയായിരുന്നു കാർത്തികേയൻ ജീവനൊടുക്കിയത്. പിന്നീട് വന്ന ഭാര്യയും മകളുമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top